CrimeNEWS

വിവാഹസല്‍ക്കാര രാത്രിയില്‍ ഒരുങ്ങുന്നതിനിടെ നവവധുവിനെ കൊന്ന് വരന്‍ ജീവനൊടുക്കി

റായ്പുര്‍: വിവാഹ വിരുന്നിന് മുന്‍പ് നവവരനെയും വധുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പുരിലാണു സംഭവം. യുവതിയെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണു പോലീസ് സംശയിക്കുന്നത്.
ബ്രിജ്നഗര്‍ സ്വദേശി അസ്ലം (24), കഖഷ ബാനു (22) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. ചൊവ്വാഴ്ച രാത്രിയാണു വിവാഹ സല്‍ക്കാരം തീരുമാനിച്ചിരുന്നത്. വിരുന്നു സല്‍ക്കാരത്തിനു തൊട്ടുമുന്‍പാണു സംഭവമെന്നു പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കുത്തുകയായിരുന്നു എന്നാണു പോലീസ് സംശയിക്കുന്നത്. തുടര്‍ന്ന് ഇയാളും ജീവനൊടുക്കി. മുറിയില്‍ ഒരുങ്ങുന്നതിനിടെയാണ് അസ്ലവും ബാനുവും തമ്മില്‍ വഴക്കുണ്ടായത്.

Signature-ad

യുവതിയുടെ കരച്ചില്‍ കേട്ട് വരന്റെ അമ്മ ഓടിയെത്തി. പക്ഷേ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. കുറെനേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോള്‍ വീട്ടുകാര്‍ ജനല്‍ ബലമായി തുറന്നു നോക്കി. നിലത്തു തളം കെട്ടിയ രക്തത്തില്‍ ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നതാണു കണ്ടത്. വിവരമറിഞ്ഞ് എത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മുറിയില്‍നിന്ന് കത്തി കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: