കൊച്ചി: പോലീസ് പരിശോധന ശക്തമാക്കിയിട്ടും കൊച്ചി നഗരത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 235 പേരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ് മൂന്ന് വാരാന്ത്യങ്ങളിലും പോലീസ് സമാനപരിശോധന നടത്തിയിരുന്നു. എന്നാല്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടും അടിച്ചുപൂസായി വാഹനമോടിക്കുന്നവര്‍ക്ക് യാതൊരു കൂസലുമില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസത്തെ പരിശോധനയില്‍ ആകെ 412 കേസുകളാണ് കൊച്ചിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 235 പേരും മദ്യപിച്ച് വാഹനമോടിച്ചതിനാണ് പിടിയിലായത്. 36 പേര്‍ ലഹരിമരുന്ന് കേസിലും അറസ്റ്റിലായി. ഗുണ്ടാബന്ധങ്ങളുള്ള 43 പേരെയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലും കൊച്ചി നഗരത്തില്‍ പോലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയവരടക്കമാണ് പോലീസിന്റെ പരിശോധനയില്‍ കുടുങ്ങിയിരുന്നത്.
ജനുവരി 21-ന് രാത്രി മുതല്‍ നടത്തിയ ആദ്യ പരിശോധനയില്‍ 310 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ജനുവരി 28-ന് 242 പേരും ഫെബ്രുവരി നാലിന് നടത്തിയ പരിശോധനയില്‍ 280 പേരും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിരുന്നു.