KeralaNEWS

ശിവരാത്രിയിൽ അട്ടപ്പാടി മല്ലീശ്വരൻ മുടിയിൽ ദീപം തെളിക്കാൻ പോയ മലപൂജാരിമാർക്കു നേരേ കാട്ടാന ആക്രമണം; വീണു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ

പാലക്കാട്: അട്ടപ്പാടി മല്ലീശ്വരൻ മുടിയിൽ ശിവരാത്രി ദിനത്തിൽ ദീപം തെളിക്കാൻ പോയ മലപൂജാരിമാർക്കു നേരേ കാട്ടാന ആക്രമണം. രക്ഷപെട്ട് ഓടുന്നതിനിടയില്‍ വീണ് മലപൂജാരി ചിറ്റൂർ സ്വദേശി അരവിന്ദനു പരിക്കേറ്റു. അരവിന്ദനെ താഴ്വാരത്തിലെത്തിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രവര്‍ഗ സമൂഹമായ ഇരുള വിഭാഗത്തിന്‍റെ ചെറുക്ഷേത്രമാണ് ഇവിടെയുള്ളത്.

ശിവരാത്രിയുടെ ഭാഗമായി ഗോത്രാചാരപ്രകാരമാണ് മല്ലീശ്വരന്‍ മുടിയിലെ തിരി തെളിക്കല്‍ നടത്തുന്നത്. വ്രതം അനുഷ്ഠിച്ച് യുവാക്കള്‍ ശിവരാത്രി മലമുകളില്‍ തങ്ങി പിറ്റേ ദിവസം മടങ്ങുന്നതാണ് ഗോത്രാചാരം. ചെമ്മണൂര്‍ ശിവ ക്ഷേത്രത്തിന്റെ സമീപത്തായി 5000 അടിയോളം ഉയരത്തിലാണ് മല്ലീശ്വരന്‍ മുടി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുള്ള മേഖലയാണെങ്കിലും മലപൂജാരിമാർക്കുനേരേ ആക്രമണമുണ്ടാകുന്നത് ഇതാദ്യമായാണ്. മലപൂജാരിമാർ മാത്രമേ ഈയവസരത്തിൽ മലമുകളിലേക്കു പോകാറുള്ളൂ.

Signature-ad

അതേസമയം, കഴിഞ്ഞ ദിവസം ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ആന വൈദ്യുതി വേലിയിൽ കുടുങ്ങിയിരുന്നു. ഓംകാർ ഫോറസ്റ്റ് റിസർവിന് കീഴിലുള്ള ബർക്കി വനമേഖലയിൽ ഇറങ്ങിയ കാട്ടാനയാണ് വൈദ്യുതി വേലിയിൽ കുടുങ്ങിയത്. വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ആന തെറിച്ച് വീണു. സ്ഥലമുടമ വൈദ്യുതി വേലി മുറിച്ച് മാറ്റിയ ശേഷം വനംവകുപ്പിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വനംവകുപ്പെത്തി വൈദ്യസഹായം നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തന്നെ തുറന്നുവിടുകയായിരുന്നു.

Back to top button
error: