കെ.എസ് സേതുമാധവന്റെ ‘അമ്മയെന്ന സ്ത്രീ’ക്ക് 53 വയസ്സ്
സിനിമ ഓർമ്മ
കെ.ടി മുഹമ്മദ്– കെ.എസ് സേതുമാധവൻ ടീമിന്റെ ‘അമ്മയെന്ന സ്ത്രീ’ക്ക് 53 വയസ്സ്. 1970 ഫെബ്രുവരി 19നാണ് കെ.ആർ വിജയയുടെ മികച്ച വേഷങ്ങളിലൊന്നായ ‘അമ്മയെന്ന സ്ത്രീ’ റിലീസായത്. കാമുകനാൽ ഗർഭിണിയാവുകയും ഭർത്താവ് അകാലത്തിൽ മരണപ്പെടുകയും ചെയ്‌തപ്പോൾ രണ്ട് ബന്ധങ്ങളിലെയും മക്കളെ വളർത്തുന്നതിനിടെ ഒരമ്മ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിലെ കഥാതന്തു. നിർമ്മാണം സംവിധായകൻ സേതുമാധവന്റെ സഹോദരൻ കെ.എസ്.ആർ മൂർത്തി. ചിത്രാഞ്ജലിയുടെ ബാനറിൽ മൂർത്തി നിർമ്മിച്ച ആദ്യചിത്രമാണ് ‘അമ്മയെന്ന സ്ത്രീ.’
കെ.ആർ വിജയ, ഒരാളെ കൊല്ലുന്നതായി കാണുന്നതും ലോക്കപ്പിലാവുന്നതുമായ സ്വന്തം ജീവിതകഥ സത്യൻ അവതരിപ്പിച്ച വക്കീലിനോട് പറയുന്നതായാണ് കഥയുടെ അവതരണം. പ്രണയിനിയെ (കെ.ആർ വിജയ) വിവാഹം കഴിക്കാമെന്ന് ധരിപ്പിക്കുകയും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ച് പോവുകയും ചെയ്യുന്ന വേഷമാണ് കെപി ഉമ്മറിന്. ഉമ്മറിന്റെ സുഹൃത്ത് പ്രേംനസീർ സ്വകുടുംബത്തിന്റെ എതിർപ്പിനെ അവഗണിച്ച് വിജയയെ വിവാഹം ചെയ്യുന്നു. അവർക്കൊരു മകളുണ്ടാവുന്നു. പക്ഷെ അകാലത്തിൽ മരണപ്പെടാനായിരുന്നു നസീറിന് യോഗം. നസീറിന്റെ തറവാട്ട് കുടുംബം നസീറിന്റെ മകളെ എടുത്ത് വളർത്തുന്നു. ഉമ്മറിന്റെ മകനെ അദ്ധ്വാനിച്ച് വളർത്തി വലുതാക്കുന്ന അമ്മയെക്കുറിച്ച് നാട്ടുകാർ അപവാദം പറയുന്നു. അപമാനിതനായ അവൻ ആത്മഹത്യ ചെയ്‌തതാണ് തുടക്കത്തിലെ കൊലപാതകമായി തെറ്റിദ്ധരിക്കപ്പെടുന്നത്. നസീറിന്റെ തറവാട്ടു വീട്ടിൽ വളർന്ന മകൾ (ജയഭാരതി) കോടതി മുറിയിൽ വച്ച് അമ്മയെ തിരിച്ചറിയുന്നു. മകൻ നഷ്ടപ്പെട്ട അമ്മയ്ക്ക് മകളെ കിട്ടി.
എ.എം രാജയായിരുന്നു സംഗീത സംവിധാനം. അദ്ദേഹം രണ്ട് പാട്ടുകളും പാടി. വയലാറിന്റെ വരികൾ. എ.എം രാജ മലയാളത്തിൽ സംഗീതം നിർവഹിച്ച ഏകചിത്രമാണ് ‘അമ്മയെന്ന സ്ത്രീ.’
സമ്പാദകൻ: സുനിൽ കെ ചെറിയാൻ