കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ഏരിയപള്ളി മേഖലയിലാണ് കടുവയെ കണ്ടത്. പ്രദേശവാസിയായ രാജൻ്റെ വീട്ടിലെ സിസിടിവിയിൽ കടുവ നടന്നു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞു. ഇന്നലെ രാത്രി കാർ യാത്രിക ഏരിയപള്ളിയിൽ വെച്ച് കടുവയെ നേരിൽ കണ്ടിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
വന മേഖലയോട് ചേർന്ന പ്രദേശമാണിത്. ജനവാസ മേഖലയിൽ നിന്ന് കടുവ വനത്തിനുള്ളിലേക്ക് കടന്നതായാണ് നിഗമനം. കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
അതേസമയം, വയനാട്ടിൽ കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ യുവാവിനെയും ബന്ധുവിനെയും കഴിഞ്ഞയാഴ്ച കടുവ കൊലപ്പെടുത്തിയിരുന്നു. കുട്ടയിലെ ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽവച്ചാണ് യുവാവിനെയും ഇയാളുടെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുവിനെയും കടുവ ആക്രമിച്ചത്. ഹുൻസൂർ അൻഗോട്ട സ്വദേശി മധുവിന്റെയും വീണാകുമാരിയുടെയും മകൻ ചേതൻ (18), ബന്ധു രാജു (65) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനന്തവാടി തോൽപ്പെട്ടിയിൽനിന്ന് 10 കിലോമീറ്ററോളം അകലെ രാജീവ് ഗാന്ധി ദേശീയ കടുവാ സങ്കേതത്തിന്റെ അതിർത്തിയിലാണ് സംഭവം.
പ്രദേശത്ത് കുടുംബസമേതം താമസിച്ച് തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവരാണിവർ. ഞായർ ഉച്ചയോടെ ഹുൻസൂർ പഞ്ചവള്ളിയിൽ തോട്ടത്തിൽ കാപ്പിപറിക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ചേതൻ. ജോലിക്കിടെ ചേതനെ കടുവ കടിച്ചുകൊണ്ടുപോയത് കൂടെയുള്ളവർ അറിഞ്ഞില്ല. വൈകുന്നേരമായിട്ടും കാണാതായതോടെ തിരച്ചിലിനിടെയാണ് കടുവ കൊന്നുതിന്നുന്നത് കണ്ടത്. ബഹളംവച്ച് അടുത്തെത്തിയ അച്ഛൻ മധുവിനുനേരെ കടുവ ചാടി. കടുവയെ തള്ളിമാറ്റി മധു ഓടി രക്ഷപ്പെട്ടു. മരണവിവരമറിഞ്ഞ് വന്ന രാജുവിനെ തിങ്കൾ രാവിലെ ഏഴരയോടെ വീടിനുസമീപത്തുവച്ചാണ് കടുവ ആക്രമിച്ചത്. ചേതന്റെ ശരീരത്തിന്റെ പകുതിയും കടുവ ഭക്ഷിച്ചിരുന്നു.