KeralaNEWS

മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട്

തൃശൂർ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോണ്‍, സേഫ് കേരള, എന്നീ പദ്ധതികളുടെ മറവില്‍ കൊള്ള നടന്നെന്നാണ് വിജിലന്‍സ് നടത്തിയ ദ്രുത പരിശോധയിലെ കണ്ടെത്തല്‍.

ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വന്‍ തുക എഴുതിയെടുത്തു. റോഡ് സുരക്ഷാ വാരാഘോഷത്തിന്‍റെ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേടുണ്ട്. ധനവകുപ്പിന്‍റെ നിര്‍ദ്ദേശം കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സേഫ് കേരളയുടെ ഭാഗമായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം 2018 ലാണ് രൂപീകരിച്ചത്. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ തല കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ നൂറ്റിയറുപത്തിയാറ് കോടി രൂപ ചെലവായെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വാടകയിനത്തില്‍ അറുപത് ലക്ഷം നല്‍കി.

Signature-ad

ഉദ്യോഗസ്ഥ വിന്യാസത്തിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും വേറെയും പണം വാങ്ങി. റോഡ് സുരക്ഷാ ദശാബ്ധത്തിനായി 2011 മുതല്‍ 2020 വരെയുള്ള കാലത്ത് പതിനഞ്ച് കോടി ചെലവിട്ടു. മണ്ഡലകാലത്തെ സുരക്ഷ ഉറപ്പാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ശബരിമല സേഫ് സോണ്‍ പദ്ധതിക്കായി 2011 മുതല്‍ 2021 വരെ നാല് കോടിയിലേറെ പണം ചെലവാക്കി. ഇതിലെല്ലാം ആരെല്ലാം എത്രയെല്ലാം പണം മുക്കിയെന്നത് തുടരന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നാണ് വിജിലൻസ് വിഭാഗം വ്യക്തമാക്കുന്നത്.

Back to top button
error: