തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. രജനികാന്ത് നായകനാകുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് മോഹൻലാലും അഭിനയിക്കുന്നത്. മോഹൻലാല്‍ അതിഥിയായിട്ടാണെങ്കിലും ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശമുണ്ടാക്കുന്നതാണ്. മോഹൻലാലും രജനികാന്തും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.
https://twitter.com/filmy_monks/status/1626099570730999810?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1626099570730999810%7Ctwgr%5E2c95a48db9ec29d7901944c827723ce10de3c03c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ffilmy_monks%2Fstatus%2F1626099570730999810%3Fref_src%3Dtwsrc5Etfw
തൂവെള്ള വസ്ത്രം ധരിച്ച് ചെറു ചിരിയോടെ നില്ക്കുന്ന മോഹൻലാലിനെയാണ് രജനികാന്തിനൊപ്പമുള്ള ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാറും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്ണനും മികച്ച കഥാപാത്രമായുണ്ട്.. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ ‘കോലമാവ് കോകില’യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്ത്തികേയന് നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ‘ബീസ്റ്റ്’ എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. വിവിധ ഭാഷകളിലെ വമ്പൻ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റായി മാറാൻ ‘ജയിലര്‍’ക്ക് ആയിട്ടുണ്ട്.