ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂർ എം പി. പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച് താൻ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുൻപോട്ട് വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത് തരൂർ കമ്മിറ്റിയിലേക്ക് വരുമോ എന്നതാണ്. അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനിവാര്യമെന്ന നിലപാട് വ്യക്തമാക്കുകയാണ് തരൂർ.
പ്രവർത്തക സമതിയിലേക്കില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ആക്കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് പാർട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് എത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ സമീപിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖർഗെ കേരളത്തിലെ എംപിമാരോട് അറിയിച്ചത്. തരൂർ മുതൽക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖർഗെ പറഞ്ഞിരുന്നു.