KeralaNEWS

ഇരിങ്ങാലക്കുട മാര്‍വെല്‍ ജംഗ്ഷന് സമീപം ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശൂർ: ഇരിങ്ങാലക്കുട മാർവെൽ ജംഗ്ഷന് സമീപം ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച വൈകീട്ട് ആറ് മണിയോടെ ഇരിങ്ങാലക്കുട – തൃശൂർ റോഡിൽ മാർവെൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. അപടത്തിൽ ബൈക്ക് യാത്രികനായ കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടിൽ ഫൈസൽ (52) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ ഓഫീസ് സെക്രട്ടറിയാണ് മരിച്ച ഫൈസൽ.

തൃശൂരിൽ നിന്ന് വരികയായിരുന്ന ഫൈസലിന്റെ ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയുടെ അടിയിൽ പെടുകയായിരുന്നു. ലോറിയുടെ ചക്രങ്ങൾ ഇയാളുടെ തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരിങ്ങാലക്കുട പൊലീസെത്തിയാണ് മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

Signature-ad

തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച ഞെട്ടൽ മാറും മുമ്പാണ് ജില്ലയിൽ മറ്റൊരു അപകടം കൂടെയുണ്ടായത്. പറന്നുപോയ ടാർപോളിൻ ഷീറ്റ് എടുക്കാൻ ഡ്രൈവർ വണ്ടി നിർത്തി പുറത്തേക്കിറങ്ങുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. ബൈക്കിൽ വരികയായിരുന്ന പാലക്കാട് സ്വദേശി ശ്രധേഷ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. നെഞ്ചിലും തലയിലും കമ്പി കുത്തി കയറിയ ശ്രധേഷിനെ പീച്ചി പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഡ്രൈവർ മൂവാറ്റുപുഴ സ്വദേശിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വലിയ വാഹനങ്ങളിൽ ലോഡ് കയറ്റുമ്പോൾ പിന്നിലേക്ക് പ്രൊജക്ഷൻ പാടില്ല എന്നാണ് നിയമം. എന്നാൽ ലോറിയുടെ ഒരു മീറ്റർ വെളിയിലേക്ക് കോൺക്രീറ്റ് കമ്പികൾ തള്ളിയിരിക്കുകയായിരുന്നു. ഇരുപതിനായിരം രൂപ പിഴയിടാക്കാവുന്ന കുറ്റമാണിത്. മുന്നറിയിപ്പ് സൂചനകൾ ഇല്ലാതിരുന്ന ലോറി ടാർപോളിൻ കൊണ്ട് മാത്രമാണ് മൂടിയിരുന്നത്.

Back to top button
error: