മുംബൈ: ജാതി വിവേചനത്തിന്റെ പേരില്‍ മുംബൈ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജി വെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ക്യാമ്പസില്‍ ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എസ്.സി/ എസ്.ടി സെല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു ബോംബെ ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ ദര്ശന് സോളങ്കി ആത്മഹത്യ ചെയ്തത്. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്നും ചാടി ദര്ശന് ആത്മഹത്യ ചെയ്യുകയായിരുന്നു.
സഹപാഠികളില്‍നിന്ന് ദര്ശന് തുടര്‍ച്ചയായി ജാതിവിവേചനം നേരിട്ടതായി കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ജാതി പറഞ്ഞുള്ള സഹപാഠികളുടെ കളിയാക്കലില്‍ ദര്ശന് കടുത്ത വിഷമത്തിലായിരുന്നെന്നും പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും അമ്മ തര്‍ലികാബെന്‍ സോളങ്കി ദേശീയമാധ്യമത്തോട് പറഞ്ഞു. ഒരുമാസംമുമ്പ് ദര്ശന് വീട്ടില്‍ വന്ന സമയത്ത് ക്യാമ്പസില്‍ ജാതിവിവേചനം നേരിടുന്നതായി പറഞ്ഞിരുന്നെന്ന് ബന്ധുവും വെളിപ്പെടുത്തി. സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനെച്ചൊല്ലി മറ്റു വിദ്യാര്‍ഥികള്‍ ദര്‍ശനെ പരിഹസിച്ചിരുന്നതായും ഇവര്‍ പറഞ്ഞു.
ബോംബെ ഐ.ഐ.ടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭരണകൂട കൊലയാണെന്ന് അംബേദ്കര്‍ പെരിയാര്‍ ഫുലേ സ്റ്റഡി സര്‍ക്കിളും വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സമാധാനപരമായ അന്തരീക്ഷം നിലവിലില്ലെന്നതിന്റെ സ്ഥാപനപരമായ തെളിവാണിതെന്നും അംബേദ്കര്‍ പെരിയാര്‍ ഫുലേ സ്റ്റഡി സര്‍ക്കിള്‍ പറഞ്ഞു.
ബോംബെ ഐ.ഐ.ടിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമെല്ലാം വ്യാപകമായ അധിക്ഷേപവും വിവേചനവും നേരിടേണ്ടി വരുന്നുണ്ട്. മെറിറ്റില്ലാത്തവര്‍ക്ക് നല്‍കുന്നതാണ് സംവരണം എന്നാണ് ഇവിടെയുള്ളവരുടെ പൊതുധാരണയെന്നും സ്റ്റഡി സര്‍ക്കിള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘ദളിത് ബഹുജന്‍ ആദിവാസി വിദ്യാര്‍ത്ഥികളെ കൂടി ഉള്‍ക്കൊള്ളും വിധം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്‍ക്ലൂസീവാക്കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നിരവധി പരാതികളും നല്കി. പക്ഷെ ഒരു നടപടിയുമുണ്ടായില്ല. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷത്തില്‍ വന്‍ തോതിലുള്ള വിവേചനവും ഉപദ്രവങ്ങളും അധിക്ഷേപവും ഇവിടെ നേരിടേണ്ടി വരുന്നുണ്ട്.
സംവരണ വിരുദ്ധ മനോഭാവമാണ് ക്യാമ്പസില്‍ നിറഞ്ഞുനില്ക്കുന്നത്. അര്‍ഹതയില്ലാത്തവരെന്നും മെറിറ്റില്ലാത്തവരെന്നും പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുന്നതും പതിവാണ്. അരികുവത്കൃത വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ കുറവും ഇത്തരം സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന് കാരണമാകുന്നുണ്ട്,’ എ.പി.പി.എസ്.സി പറഞ്ഞു.