IndiaNEWS

ബിബിസി ഓഫീസുകളിലെ റെയ്ഡ് 10 മണിക്കൂർ പിന്നിട്ടു; ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു

മുംബൈ: ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന 10 മണിക്കൂർ പിന്നിട്ടു. ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. കമ്പനിയുടെ അക്കൗണ്ട് ബുക്കുകളും പരിശോധിക്കുകയാണ്. നികുതി ക്രമക്കേടാണ് പരിശോധിക്കുന്നതെന്നാണ് ഐടി വകുപ്പിന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററികൾ വിവാദമായതിന് പിന്നാലെയാണ് നടപടികളാരംഭിച്ചത്. ആദായനികുതി വകുപ്പിന്റെ നടപടിയുമായി പൂർണ്ണമായും സഹകരിക്കുന്നുവെന്നും പ്രശ്നം വേഗത്തിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി ട്വീറ്റ് ചെയ്തു.

ബിബിസിയിലെ ആദായ നികുതി വകുപ്പിന്‍റെ നടപടിയെ കോൺഗ്രസും എഡിറ്റേഴ്സ് ഗിൽഡും അപലപിച്ചു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് പ്രതികരിച്ചപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ അഴിമതി സ്ഥാപനമാണ് ബിബിസിയെന്ന് ബിജെപി തിരിച്ചടിച്ചു. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻററി സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിനെ കോൺഗ്രസ് എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുടരുമ്പോഴുള്ള റെയ്ഡ് പ്രതിപക്ഷത്തിൻറെ കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. അദാനി വിഷയത്തിൽ അന്വേഷണം നടത്താതെ ബിബിസിക്ക് പിന്നാലെ സർക്കാർ നീങ്ങുന്നതെന്തിനെന്ന് കോൺഗ്രസും സിപിഎമ്മും ചോദിച്ചു.

Signature-ad

സർക്കാരിനെ വിമർശിക്കുന്നവരെ പിന്തുടരുന്ന ശൈലിയുടെ ആവർത്തനമെന്ന് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. മറയ്ക്കാനൊന്നുമില്ലെങ്കില്‍ റെയ്ഡിനെ ഭയക്കുന്നതെന്തിനെന്നാണ് ബിജെപിയുടെ ചോദ്യം. ബിബിസി പ്രചരിപ്പിക്കുന്നത് ഇന്ത്യവിരുദ്ധതയാണ്. ആദായ  നികുതി വകുപ്പ് അവരുടെ ജോലി ചെയ്യട്ടെയെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തിരിച്ചടിച്ചു. അദാനി വിഷയത്തിൽ സുപ്രീംകോടതി അന്വേഷണം തീരുമാനിക്കാനിരിക്കെയാണ് സർക്കാർ ബിബിസി വിവാദം വീണ്ടും സജീവമാക്കുന്നത്. ഒരു വിദേശമാധ്യമത്തിനെതിരായ ഇത്തരം നീക്കം അസാധാരണമാണ്.  ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി അന്താരാഷ്ട്ര തലത്തില്‍ ക്ഷീണമായ പശ്ചാത്തലത്തിൽ തിരിച്ചടി നല്കി അണികളുടെ വികാരം തണുപ്പിക്കാൻ കൂടിയാണ് ബിജെപിയുടെ  ശ്രമം.

Back to top button
error: