ബംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം രാജ്യം വിടാനൊരുങ്ങിയ നാല്പതുകാരനായ ഡോക്ടറെ ബംഗളൂരു വിമാനത്താവളത്തില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 2022 ഒക്ടോബര്‍ 22 നാണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ കിഴക്കന്‍ ഡല്‍ഹിയിലെ കല്യാണ്‍പുരിയിലുള്ള ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെട്ടെന്നുള്ള മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019 ലെ നിയമപ്രകാരം പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടനിലേക്കു കടക്കാനായിരുന്നു ശ്രമം. ഇയാളുടെ പേര് വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടിട്ടില്ല.
2018 ലാണ് യുവതിയും ഡോക്ടറും പരിചയപ്പെട്ടത്. 2020 ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്കു മക്കളില്ല. ലജ്പത് നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍, തനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുണ്ടെന്നും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പറഞ്ഞ് ഡല്‍ഹിയുടെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിച്ചു. കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്കാണ് ഇയാള്‍ ഒറ്റയ്ക്ക് താമസം മാറിയത്.
പുതിയ സ്ഥലത്തേക്കു മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് യുവതി ഭര്‍ത്താവ് താമസിക്കുന്ന കല്യാണ്‍പുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഡോക്ടര്‍ അവിടെ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുമായി ഭര്‍ത്താവിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിക്കുകയും മുത്തലാഖ് ചൊല്ലിയതെന്നും യുവതി പോലീസിനോടു പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം ജീവിക്കാന്‍ താല്പര്യമില്ലാത്തതിനാല് മുത്തലാഖ് ചൊല്ലിയതെന്നാണ് ഡോക്ടര്‍ പോലീസിനോടു പറഞ്ഞത്.
ഒറ്റയടിക്കുള്ള മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്ന് വര്‍ഷം തടവുശിക്ഷ വിധിക്കുന്നതും അടക്കമുള്ള ബില്‍ 2019 ഓഗസ്റ്റ് 1നാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.