IndiaLIFEMovieNEWS

‘ജാതിവ്യവസ്ഥയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം’; കമലഹാസന്‍

ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമലഹാസൻ. 21ാം വയസ് മുതൽ താൻ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതൽ ഞാൻ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാൽ അതിനെ സ്വീകരിക്കാൻ നമുക്കാകില്ല,’ കമൽ ഹാസൻ പറഞ്ഞു.
ആർട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോർമുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുന്ന പുസ്തകങ്ങൾ മാത്രമേ നീലം ബുക്‌സിലൂടെ പ്രസിദ്ധീകരിക്കൂവെന്ന് പാ. രഞ്ജിത്ത് ചടങ്ങിൽ പറഞ്ഞു. ജനങ്ങളെ രാഷ്ട്രീയപരമായി ബോധവാന്മാരും ഉത്തരവാദിത്തബോധമുള്ളവരുമാക്കിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഈറോഡ് ഈസ്റ്റ് ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഇ.വി.കെ.എസ് ഇളങ്കോവന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് കമൽ ഹാസൻ. ഗാന്ധി സിലൈ കരുങ്കൽ പാളയം, സുറാംപെട്ടി നാൽറോഡ്, സമ്പത്ത് നഗർ, വീരപ്പൻ ചത്തിരം, അഗ്രഹാരം എന്നിങ്ങനെ അഞ്ച് സ്ഥലങ്ങളിലായിരിക്കും താൻ പ്രചാരണത്തിനെത്തുകയെന്ന് കമൽ ഹാസൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നേരത്തെ കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ച് രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിലും കമൽ ഹാസൻ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയും കമൽ ഹാസനും തമ്മിൽ വിവിധ ദേശീയ വിഷയങ്ങളെ കുറിച്ച് നടത്തിയ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു.

Back to top button
error: