ആലപ്പുഴ: വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.
വിഭാഗീയത നിലനില്‍ക്കുന്ന രാമങ്കരിയില്‍ ഇന്നലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഘര്‍ഷം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ വിഭാഗീയതയെ തുടര്‍ന്ന് 300 ഓളം പേര്‍ പാര്‍ട്ടി വിടുന്നതായി പ്രചാരണമുണ്ടായിരുന്നു. ഇതിനിടയ്ക്കാണ് ചേരിതിരിഞ്ഞ് സംഘര്‍ഷം നടന്നത്. ശരവണന്‍, രഞ്ജിത് രാമചന്ദ്രന്‍ എന്നിവരുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വാഹനങ്ങളില്‍ കമ്പിവടികളുമായെത്തി ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പറയുന്നു. ഔദ്യോഗിക വിഭാഗത്തേയും വിമത വിഭാഗത്തേയും പിന്തുണയ്ക്കുന്നവര്‍ തമ്മിലിവിടെ ഏറെക്കാലമായി തര്‍ക്കം രൂക്ഷമാണ്. തര്‍ക്കം രാമങ്കരിയില്‍ നിന്നും മറ്റ് ലോക്കല്‍ കമ്മിറ്റികളിലേക്കും പടരുകയായിരുന്നു. നേരത്തെ, വിഭാഗീയത പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ടിരുന്നു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ളവര്‍ കുട്ടനാട്ടിലെത്തുകയും ലോക്കല്‍ കമ്മിറ്റികളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.