ഭോപ്പാല്‍: റെയില്‍വേ ഭൂമിയിലെ ക്ഷേത്രത്തിന്റെ കൈയേറ്റം നീക്കണമെന്നാവശ്യപ്പെട്ട് ഹനുമാന്‍ പ്രതിഷ്ഠയ്ക്ക് നോട്ടീസ് അയച്ച് അധികൃതര്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ സബര്‍ല്‍ഗഡ് ടൗണ്‍ റെയില്‍ സ്റ്റേഷന് സമീപമുള്ള ബജ്രംഗ്ബലി ക്ഷേത്രത്തിലേക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്.
റെയില്‍വേ ഭൂമിയിലെ കൈയേറ്റം ഏഴ് ദിവസത്തിനകം നീക്കണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. നിശ്ചിത ദിവസത്തിനകം കൈയേറ്റം നീക്കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന് ഫെബ്രുവരി എട്ടിനയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ നോട്ടീസ് പതിക്കുകയും ചെയ്തു.
നിര്‍മാണം നീക്കം ചെയ്യാന്‍ റെയില്‍വേയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നാല്‍ കൈയേറ്റക്കാരന്‍ അതിന്റെ ചെലവ് നല്‍കേണ്ടിവരുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍, നോട്ടീസ് വൈറലാവുകയും വിവാദമാവുകയും ചെയ്തതോടെ അബദ്ധം മനസിലായ റെയില്‍വേ അധികൃതര്‍ ഇത് പിന്‍വലിച്ചു.
തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാരിയുടെ പേരില്‍ പുതിയ നോട്ടീസ് അയച്ചു. ആദ്യ നോട്ടീസ് തെറ്റായി നല്‍കിയതാണെന്ന് ഝാന്‍സി റെയില്‍വേ ഡിവിഷന്‍ പി.ആര്‍.ഒ മനോജ് മാത്തൂര്‍ പറഞ്ഞു. ബജ്രംഗ് ബലി, സബല്‍ഗഢ് എന്ന പേരിലായിരുന്നു ഝാന്‍സി റെയില്‍വേ ഡിവിഷന്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ ആദ്യം നോട്ടീസ് അയച്ചത്.
ഗ്വാളിയോര്‍- ഷിയോപൂര്‍ ബ്രോഡ് ഗേജിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൊറേന ജില്ലയിലെ സബല്‍ഗഢ് പ്രദേശത്ത് ബ്രോഡ് ഗേജ് ലൈനിന് നടുവിലാണ് ഭഗവാന്‍ ബജ്രംഗ് ബലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, ക്ഷേത്രം റെയില്‍വേ വക സ്ഥലത്താണു താനും.
പാതയുടെ നിര്‍മാണത്തിനായി അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് നോട്ടീസ് അയച്ച് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 10 ന്് പൂജാരിയായ ഹരിശങ്കര്‍ ശര്‍മയുടെ പേരില്‍ റെയില്‍വേ അധികൃതര്‍ പുതിയ നോട്ടീസ് നല്‍കിയത്.