തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പികെ ശ്രീമതിയും രംഗത്ത്. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പ്രതികരിച്ചു. അതേസമയം, ചിന്തക്കെതിരായ സുരേന്ദ്രന്റെ പരാമർശം നിന്ദ്യവും മ്ലേച്ചവുമാണെന്ന് പി കെ ശ്രീമതി വിമര്‍ശിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സംസ്കാര ശൂന്യമായ വാക്കുകൾ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിക്കുന്നതെന്ന് പി കെ ശ്രീമതി കുറ്റുപ്പെടുത്തി. സംസ്കാര സമ്പന്നരായ മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാൾക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാൻ സുരേന്ദ്രൻ മുതിരരുതെന്നും പി കെ ശ്രീമതി പറഞ്ഞു. അങ്ങേ അറ്റം പ്രതിഷേധാർഹമായ സുരേന്ദ്രന്റെ പ്രസ്താവന. വിഷയത്തില്‍ ബിജെപിയുടെ ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.
ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. എന്ത് പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു സുരേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശം. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കളക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും കെ സുരേന്ദ്രൻ ന്യായീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചും സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ജനങ്ങളുടെ പോക്കറ്റ് അടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻ കിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.