കോഴിക്കോട് നടക്കാവ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ കേസിൽ 1990ൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ ജിജീഷിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി പൊലീസിനെയും, കോടതിയെയും കബളിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിന് ഹാജരാകാതിരുന്നതിനാൽ ഇയാളെ കോടതി രണ്ട് കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ കസബ, കുന്ദമംഗലം ഉൾപ്പെടെ നിരവധി പൊലീസ് സ്റ്റേഷനുകളിലും ആ കാലഘട്ടങ്ങളിൽ സമാനമായ പല കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വർഷങ്ങൾ കഴിഞ്ഞതിനാൽ ഇനി പൊലീസ് അന്വേഷിച്ച് വരില്ലെന്നും, ദൂരെ എവിടെയെങ്കിലും സുഖമായി ജീവിക്കാമെന്നും കരുതി ഇയാൾ കോഴിക്കോടുള്ള താമസ സ്ഥലം ഒഴിവാക്കി കണ്ണൂരിൽ വാടകയ്ക്ക് വീടെടുത്ത് കുടുംബസമേതം ആർഭാടമായി ജീവിതം നയിച്ച് വരുകയായിരുന്നു.
പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി നടത്തിയ ശ്രമകരമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സലീലിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ച ശേഷം നിരവധി ഫോൺ നമ്പറുകൾ അനലൈസ് ചെയ്ത് പ്രതിയുടെ താമസ സ്ഥലം കണ്ടെത്തുകയായിരുന്നു.
ഇത്തരത്തിൽ പഴയകാല കേസുകളിൽപ്പെട്ട പല പ്രതികളുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.കോഴിക്കോട് ജെഎഫ്സിഎം നാല് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റി.