കോഴിക്കോട്: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ, കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം സുരേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.
ജനങ്ങളുടെ പോക്കറ്റടിക്കുകയും പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന സർക്കാർ വൻ കിടക്കാരെ തൊടുന്നില്ല. മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നത്. സിഎജി റിപ്പോർട്ട് നികുതി പിരിവിലെ വീഴ്ച വ്യക്തമാക്കുന്നു. ഒരുപാട് തുക കേന്ദ്രം കേരളത്തിനു നൽകുന്നുണ്ട്. ശബരിപാതയ്ക്ക് മാത്രം 100 കോടിയാണ് നൽകുന്നത്. ജനവികാരം മനസിലാക്കി നികുതി വർദ്ധനവ് പിൻവലിക്കണം. അല്ലാത്തപക്ഷം ഹർത്താൽ അടക്കം കേരള സ്തംഭിപ്പിക്കുന്ന സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. വി മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലെ കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രൻ പറഞ്ഞു.