ഇസ്ബുതാംബുൾ: തുർക്കിയിലും സിറിയയിലും ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി റിപ്പോർട്ട്. 15,383 പേരാണ് ഇതുവരെ മരണപ്പെട്ടത്. തുർക്കിയിൽ മാത്രം 12,391 പേർ മരിച്ചു. 62,914 പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക കണക്ക്. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ചരിത്ര സ്മാരകങ്ങൾ ഉൾപ്പെടെ 6000ത്തോളം കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സിറിയയിൽ 2992 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സിവിൽ ഡിഫൻസ് ഗ്രൂപ്പായ വൈറ്റ് ഹെൽമെറ്റ്സിന്റെ കണക്കുപ്രകാരം ഏകദേശം 1262 മരണങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്നാണ്.
ഇതുവരെ, യു.എ.ഇ, ഇറാഖ്, ഇറാൻ, ലിബിയ, ഈജിപ്ത്, അൾജീരിയ, ഇന്ത്യ എന്നിവ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലേക്ക് നേരിട്ട് സഹായങ്ങൾ എത്തിച്ചതായി സിറിയൻ മാധ്യമമായ സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ചൈന, കാനഡ, വത്തിക്കാൻ തുടങ്ങിയ രാജ്യങ്ങൾ സിറിയക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. തുർക്കിയിലെ 24 കിലോമീറ്റർ ചുറ്റളവിലുള്ള 10 പ്രവിശ്യകളെയാണ് ഭൂചലനം ബാധിച്ചത്. 12 വർഷമായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിൽ ഭൂചലനം കൂടിയെത്തിയതോടെ സാഹചര്യങ്ങൾ കൂടുതൽ ദുഷ്ക്കരമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂചലനമാണ് നടന്നതെന്ന് എർദോഗൻ പറഞ്ഞു. ആദ്യ ഭൂചലനമുണ്ടായി 12 മണിക്കൂറുകൾക്ക് ശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂചലനമുണ്ടായത്.