നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ ഷീ ലോഡ്ജ് ഒരുക്കി കണ്ണൂർ കോർപറേഷൻ. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക. കാൽടെക്സ് ഗാന്ധിസർക്കിളിനടുത്തുള്ള പെട്രോൾ പമ്പിന് പിറകുവശത്താണ് ഷീ ലോഡ്ജ് കെട്ടിടം.
ജോലിചെയ്യുന്ന മുതിർന്ന വനിതകൾക്ക് 3000 രൂപയാണ് മാസവാടക. വിദ്യാർഥിനികൾക്ക് 1500 രൂപയും. ഡോർമെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. നഗരത്തിൽ ജോലിക്കും പഠനത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഷീ ലോഡ്ജ് ഒരുക്കുന്നത്.
ഇതിനുപുറമെ രാത്രിയിൽ ടൗണിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നിലവിൽ കോർപ്പറേഷന്റെ കീഴിൽ താവക്കരയിലും ഇതേ നിരക്കിൽ വനിത ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്.
കൂടാതെ ജില്ല പഞ്ചായത്തിന് കീഴിലും ഷീ ലോഡ്ജ് സൗകര്യം ലഭ്യമാണ്. കോർപ്പറേഷന്റെ 101 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ഷീ ലോഡ്ജ് സംവിധാനത്തിനായി ഒരുക്കുന്നത്.
ഒരു മാസത്തിനകം തുറന്നുകൊടുക്കാനുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. വനിത ഘടകം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവർത്തനങ്ങൾക്ക് 75 ലക്ഷമാണ് അനുവദിച്ച തുക. 35 കിടക്കകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. താമസ, ഭക്ഷണ സൗകര്യത്തിന് പുറമെ ഫിറ്റ്നസിനായി ജിം സൗകര്യവും കേന്ദ്രത്തിൽ പിന്നീട് ഒരുക്കും.