LocalNEWS

തൊടുപുഴ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും തുടക്കം

തൊടുപുഴ: മഞ്ഞനിക്കരയില്‍ കബറടക്കിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 91-ാം മത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന തൊടുപുഴ മേഖല കാല്‍നട തീര്‍ഥയാത്ര തുടങ്ങി. തിങ്കളാഴ്ച 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്ക് പ്രസിഡന്റ് ഫാ. ജോബിന്‍സ് ബേബി ഇലഞ്ഞിമറ്റത്തില്‍, ഫാ.തോമസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഭദ്രദീപം ജോമോന്‍ കെ.പി യ്ക്കും പാത്രിയര്‍ക്കീസ് പതാക ജിജോ ചാരുപറമ്പിലിനും സ്ലീബാ ജോണി തടത്തിലിനും കൈമാറി കാല്‍നട തീര്‍ഥയാത്ര പ്രയാണം ആരംഭിച്ചു. അമയപ്ര പള്ളി ട്രസ്റ്റിമാരായ മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടില്‍, ജിജോ ചാരുപറമ്പില്‍, ഷിബു എം.സി തീര്‍ഥയാത്രയുടെ കണ്‍വീനറുമായ സാജന്‍ നെടിയശാല എന്നിവര്‍ നേതൃത്വം നല്‍കിയ തീര്‍ഥയാത്ര കരിമണ്ണൂരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ തീര്‍ഥാടകരും ഇടമറുക് സെന്റ് ജോര്‍ജ്, കട്ടിക്കയം സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലെ തീര്‍ഥയാത്ര സംഘവും പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പൂന്തോട്ടം മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ ചാപ്പലില്‍ നിന്നും പുറപ്പെടുന്ന തീര്‍ഥയാത്ര സംഘവും മുളപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലെ തീര്‍ഥയാത്ര സംഘവും ഒത്തുചേര്‍ന്ന് കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണം ഏറ്റു വാങ്ങി.

ഞറുകുറ്റിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വണ്ണപ്പുറം മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥയാത്ര സംഘവും ഞാറക്കാട് സെന്റ്‌ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ തീര്‍ഥയാത്ര സംഘവും കൂടി വൈകിട്ട് 7.30 നോടു കൂടി തൊടുപുഴ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരിയുടേയും ഭരണസമിതി അംഗങ്ങളുടേയും വിശ്വാസികളുടേയും നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് ധൂപ പ്രാര്‍ഥനയ്ക്കും അത്താഴ വിരുന്നിനും ശേഷം പള്ളി അങ്കണത്തില്‍ വിശ്രമിച്ചു.

ചൊവ്വാഴ്ച രാവിലെ 7.30 ന് തൊടുപുഴ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും കാല്‍നടതീര്‍ഥയാത്ര പ്രയാണം ആരംഭിക്കും. രാവിലെ 8 ന് തൊടുപുഴ സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ധൂപപ്രാര്‍ഥനയ്ക്ക് ശേഷം മുട്ടം സെന്റ് മേരീസ് ചാപ്പലില്‍ നിന്നുള്ള തീര്‍ഥയാത്രാ സംഘവും കോര്‍ എപ്പിസ് കോപ്പമാരുടേയും വൈദികരുടേയും തീര്‍ഥയാത്ര കമ്മറ്റി അംഗങ്ങളുടേയും പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങളുടേയും വനിതാ സമാജത്തിന്റെയും യൂത്ത് അസോസിയേ ഷന്റേയും മറ്റ് ഭക്തസംഘടനകളുടേയും നേതൃത്വത്തില്‍ യാത്ര പുറപ്പെട്ട് ചുങ്കത്ത് പുതിയതായി ആരംഭിച്ച പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്‍ കീഴിലുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേര്‍ന്ന് ധൂപപ്രാര്‍ഥനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം യാത്ര പുറപ്പെട്ട് പെരിയാമ്പ്ര പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് പൗലോസ് കകിറ സെന്ററില്‍ സ്വീകരണത്തിനും ധൂപ പ്രാര്‍ഥനയ്ക്കും ലഘുഭക്ഷണത്തിനും ശേഷം 12.30 ന് വഴിത്തലയില്‍ പൗരസ്വീകരണം ഏറ്റുവാങ്ങി 1.30 പി എം ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തും.

പ്രാര്‍ഥനയ്ക്കും വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം 3ന് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ എത്തി കൂത്താട്ടുകുളം മേഖലയുമായി ചേര്‍ന്ന് തീര്‍ത്ഥയാത്ര നീലിമംഗലം, കോട്ടയം, ചിങ്ങവനം, തിരുവല്ല, ആറന്‍മുള, ഓമല്ലൂര്‍ വഴി മഞ്ഞനിക്കര ദയറായില്‍ 10ന് 3 ഓടെ എത്തും. യാത്ര 150. കിലോമീറ്റര്‍ നടന്നാണ് എത്തിച്ചേരുന്നതെന്ന് അമയപ്ര സെന്റ്മേരീസ് യാക്കോബായ പളളി വികാരി ഫാ. ജോബിന്‍സ് ബേബി ഇലഞ്ഞിമറ്റത്തില്‍, ട്രസ്റ്റി മിന്നി പടിഞ്ഞാറേടത്ത്, സെക്രട്ടറി ജിജോ ചാരുപറമ്പില്‍, ഷിബു എം.സി, കണ്‍വീനര്‍ സാജന്‍ നെടിയശാല എന്നിവര്‍ പറഞ്ഞു.

Back to top button
error: