NEWSSocial Media

ഡബ്ല്യു.സി.സിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്: ഇന്ദ്രന്‍സ്

തിരുവനന്തപുരം: ‘വിമണ്‍ ഇന്‍ സിനിമ കളക്ടീവ്’ ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. ഫെയ്‌സ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇന്ദ്രന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രന്‍സ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡബ്ല്യു.സി.സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Signature-ad

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. എല്ലാവരോടും സ്‌നേഹം എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചത്. സംഘടന രൂപപ്പെട്ടില്ലെങ്കിലും നിയമ പോരാട്ടംനടക്കുമായിരുന്നു എന്നും ഇന്ദ്രന്‍സ് പറഞ്ഞു. പ്രശ്‌നങ്ങളെ എത്രമാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല എന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.

 

Back to top button
error: