ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ ഇടനിലക്കാരുമായി വരും ദിവസങ്ങളില്‍ ദുബായില്‍ നേരിട്ട് ചര്‍ച്ച നടത്തും.
കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കിയതോടെയാണ് നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച് ആശങ്കയുയര്‍ന്നത്. കേസ് യെമന്‍ സുപ്രീംകോടതി വീണ്ടും പരിഗണിക്കാന്‍ പോവുകയാണ് എന്നതിനര്‍ഥം ശിക്ഷ വേഗത്തിലാക്കുന്നു എന്നല്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി മധ്യസ്ഥര്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിവരുന്നുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ഇവരെന്നതിനാല്‍ യെമന്‍ സര്‍ക്കാരിന് ഇടപെടാനാകില്ല. മധ്യസ്ഥരുമായി നേരിട്ടുളള ചര്‍ച്ചകള്‍ക്കായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ അധികം വൈകാതെ ദുബായിലെത്തും. 2017 ലാണ് യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനി നിമിഷ പ്രിയ ജയിലിലായത്.