IndiaNEWS

27 മാസത്തെ ജയില്‍ വാസത്തിന് അന്ത്യം; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. യു.എ.പി.എ കേസിലും ഇ.ഡി കേസിലും കഴിഞ്ഞ വര്‍ഷം തന്നെ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ജയില്‍ മോചനം നീണ്ടുപോകുകയായിരുന്നു. 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്.

യു.എ.പി.എ കേസില്‍ സെപ്റ്റംബര്‍ 9 നു സുപ്രിംകോടതിയും ഇ.ഡികേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചും ഡിസംബര്‍ 23 നു നുമാണ് സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ലഖ്‌നൗ സര്‍വകലാശാല മുന്‍ വി.സി: രൂപ് രേഖ് വര്‍മ്മ അടക്കമുള്ളവര്‍ ജാമ്യം നില്‍ക്കാന്‍ തയാറായി രേഖകള്‍ കൈമാറിയെങ്കിലും വെരിഫിക്കേഷന്റെ പേരില്‍ മാസങ്ങള്‍ വൈകി. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.

Signature-ad

കാപ്പന്റെ അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസ്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം. കാറില്‍ ഒപ്പം സഞ്ചരിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണെന്നും പോലീസ് ആരോപിക്കുന്നു.

പി.എഫ്.ഐയുടെ മുഖപത്രമായിരുന്ന തേജസിന്റെ ഡല്‍ഹി മുന്‍ ലേഖകന്‍ കൂടിയായിരുന്നു സിദ്ദിഖ് കാപ്പന്‍. വര്‍ഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകര്‍ക്കലും ഗൂഢാലോചനയും ചേര്‍ത്ത് യു.എ.പി.എ ചുമത്തി. മാതാവിന് അസുഖമായപ്പോഴും കോവിഡ് ബാധിച്ചപ്പോഴുമാണ് ഇതിന് മുന്‍പ് ജയിലിനു പുറത്തിറങ്ങിയത്. ജാമ്യവ്യവസ്ഥ അനുസരിച്ചു ജയിലില്‍ നിന്ന് പുറത്തിറങ്ങിയാലും ആറാഴ്ച ഡല്‍ഹിയില്‍ കഴിയേണ്ടിവരും.

 

Back to top button
error: