KeralaNEWS

കര്‍ട്ടന്‍ താഴ്ത്തുന്നതില്‍ തര്‍ക്കം; കുട്ടികള്‍ നോക്കിനില്‍ക്കെ ആയയുടെ കരണത്തടിച്ച് അധ്യാപിക

പത്തനംതിട്ട: കുട്ടികള്‍ നോക്കിനില്‍ക്കേ ആയയെ മര്‍ദ്ദിച്ച അധ്യാപികയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇരുവെള്ളിപ്പറ ഗവ. എല്‍.പി. സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂളിലെ ആയയായ ബിജി മാത്യുവിനെ അടിച്ചതായാണ് കേസ്. ശാന്തമ്മയ്ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.

സംഭവത്തില്‍ ശാന്തമ്മയ്ക്കും ബിജിക്കും എതിരേ സ്‌കൂള്‍ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. നേരത്തേയും ഇരുവരും തമ്മില്‍ സ്‌കൂളില്‍വെച്ച് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതികള്‍ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചര്‍ച്ചചെയ്യുകയും ഇരുവര്‍ക്കും താക്കീത് നല്‍കുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പുറത്താക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഇരുവര്‍ക്കുമെതിരേ സ്വീകരിക്കാന്‍ സ്‌കൂള്‍ പി.ടി.എയേയും എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ ക്യാമറ സ്ഥാപിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കര്‍ട്ടന്‍ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയില്‍ പതിഞ്ഞു. ഉച്ചസമയത്ത് ക്ലാസ് മുറിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. പി.ടി.എ. വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത് എന്നതിനാല്‍ വിദ്യാഭ്യാസവകുപ്പ് നേരിട്ട് നടപടി എടുത്തിട്ടില്ല.

Back to top button
error: