KeralaNEWS

കുരുക്ക് മുറുകുന്നു: ജഡ്ജിക്കെന്ന പേരിൽ കൈക്കൂലി; സൈബിക്കെതിരായ നടപടിക്ക് ഡി.ജി.പി. നിയമോപദേശം തേടി

തിരുവനന്തപുരം: ജഡ്ജിമാർക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായി നടപടിയെടുക്കാൻ ഡിജിപി നിയമോപദേശം തേടി. ഇതിന്റെ ഭാഗമായി, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നൽകിയ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. തുടര്‍ നടപടിയെടുക്കാൻ നിയമോപദേശം തേടിയാണ് ഡിജിപിയുടെ നടപടി.

പ്രത്യേക ദൂതൻ വഴിയാണ് ഡി ജി പിക്ക് കമ്മിഷണർ റിപ്പോർട്ട് നൽകിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്ന് വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ടിലെ ശുപാർശ. അഭിഭാഷകർ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്ട്. സൈബി ഹാജരായ രണ്ടു കേസുകളിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചു വിളിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസില്‍ പരാതിക്കാരുടെ വാദം കേട്ടില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ നടപടി സ്വീകരിച്ചത്. പതിനൊന്ന് പ്രതികള്‍ വിവിധ കേസുകളില്‍ ജാമ്യം നേടിയിരുന്നു.

Signature-ad

അതേസമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങി. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.

Back to top button
error: