പത്തനംതിട്ട: ഇ- സഞ്ജീവനി കണ്‍സള്‍ട്ടേഷനിടെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി മുഹമ്മദ് ഷുഹൈബിനെ ആറന്മുള പോലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ടെലി മെഡിസിന്‍ സേവനമായ ഇ-സഞ്ജീവനി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇയാളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സഹായിച്ചത്. ആറന്മുള പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
കോന്നി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യവിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തത്. ഇയാള്‍ക്ക് യഥാര്‍ഥത്തില്‍ രോഗമുള്ള ആളാണോ അതോ നഗ്‌നതാപ്രദര്‍ശനത്തിനായി ബോധപൂര്‍വ്വം കണ്‍സള്‍ട്ടേഷന് രജിസ്റ്റര്‍ ചെയ്തതാണോ എന്നതടക്കമുള്ള കാര്യത്തില്‍ പരിശോധന നടത്തും. വീട്ടിലിരുന്നായിരുന്നു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തിയത്. രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.