മുംബൈ: അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി മദ്യപിച്ചതിനുശേഷം, ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നമുണ്ടാക്കിയത്. ക്വാബിന്‍ ക്രൂ ആവശ്യം നിരസിച്ചതോടെ ഇവര്‍ അപമര്യാദയായി പെരുമാറുകയും ജീവനക്കാര്‍ക്കുമേല്‍ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. യുവതി വിമാനത്തിനുള്ളിലൂടെ അര്‍ദ്ധനഗ്‌നയായി നടക്കുകയും ചെയ്തതോടെ പ്രശ്നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാന്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടുവെന്ന് എയര്‍ വിസ്താര പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ സുരക്ഷാ ഉദ്യാഗസ്ഥര്‍ക്ക് വിവരം നല്‍കിയതായും പ്രസ്താവനയില്‍ വ്യക്താക്കുന്നു. യുവതിയെ പിന്നീട് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.
മദ്യലഹരിയില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടാകുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. മുന്‍പ് എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് കുറ്റാരോപിതനായ ശങ്കര്‍ മിശ്രയ്ക്ക് എയര്‍ ഇന്ത്യാ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഡി.ജി.സി.എ 30 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന് പുറമെ വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ മൂന്ന് മാസക്കാലയളവില്‍ ഡി.ജി.സി.എ സസ്‌പെന്‍ഡ് ചെയ്തിരുന്നു.