LocalNEWS

ബിനി ടൂറിസ്റ്റ് ഹോം നിര്‍മാണത്തെ ചൊല്ലി തൃശ്ശൂർ കോർപറേഷനിൽ കൈയാങ്കളി, പ്രതിപക്ഷം മേയറെ തടഞ്ഞു വച്ചു

ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ തൃശ്ശൂർ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍  കൈയാങ്കളി. മേയര്‍ എം.കെ വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ല എന്നാരോപിച്ചാണ് ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്.

കോർപറേഷന്‍റെ കീഴിലായിരുന്നു ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണവും നടത്തിപ്പും തുടങ്ങിയ കാര്യങ്ങള്‍. പക്ഷേ കൗണ്‍സിലില്‍ ചർച്ചയ്ക്കു വയ്ക്കാതെ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍   ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ ടൂറിസ്റ്റ് ഹോമിൻ്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

Signature-ad

ടൂറിസ്റ്റ് ഹോം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പൊളിക്കലില്‍ കോര്‍പ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രതിപക്ഷ വിലയിരുത്തല്‍.

ബിനി ടൂറിസ്റ്റ് ഹോം സ്വത്തുക്കൾ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്ന് (തിങ്കൾ) കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായി, ഏറ്റവും അവസാനമാണ് ഇത് ഉള്‍പ്പെടുത്തിയത്. രാവിലെ മുതല്‍ യോഗത്തില്‍ പ്രതിപക്ഷം നിരന്തരമായി ചോദ്യങ്ങളുയര്‍ത്തി. പക്ഷേ ഭരണപക്ഷം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഉച്ച കഴിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ചര്‍ച്ചയില്ലാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.

ഇത് പരസ്പരം വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കടന്നു. ഇതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് പ്രതിപക്ഷം മേയറുടെ ഡയസിനു മുകളില്‍ കയറുകയും മേയറെ പുറത്തുപോകാന്‍ കഴിയാത്തവിധം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി ഭരണപക്ഷ അംഗങ്ങളും മേയറുടെ ഡയസിന് അടുത്തെത്തി. പിന്നാലെ ഭരണപക്ഷം മേയറെ ഇറക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തി. ഇത് പരസ്പരം കൈയാങ്കളിയിലേക്ക് നീങ്ങി. ഏറ്റുമുട്ടലില്‍ മേയര്‍ താഴെ വീഴുകയും ചെയ്തു.

Back to top button
error: