മുംബൈ: ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുകൂറ്റൻ റാലി. ലവ് ജിഹാദിനെതിരെയും മതപരിവര്‍ത്തന നിരോധനം നടപ്പാക്കണമെന്നും മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍, വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടന്നത്.
ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും മാഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും റാലിയില്‍ പങ്കെടുത്തു. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, ലവ് ജിഹാദിനെതിരായ നിയമങ്ങള്‍ പഠിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ കാണപ്പെടുന്നുവെന്നു, ദല്‍ഹിയിലെ ശ്രദ്ധ വാൽക്കര്‍ കൊലപാതക കേസുമായി ബന്ധപ്പെടുത്തി ഫഡ്‌നാവിസ് നിയമസഭയില്‍ സംസാരിച്ചിരുന്നു.