KeralaNEWS

ബി.ബി.സി. ഡോക്യുമെന്ററി പ്രദർശനം ബലംപ്രയോഗിച്ച് തടയാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് ബലംപ്രയോഗിച്ച് തടയാനുള്ള മോദി സര്‍ക്കാരിന്റേയും സംഘപരിവാറിന്റേയും ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 2002-ല്‍ രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയ ഗുജറാത്ത് വംശഹത്യക്ക് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണെന്ന് ബി.ബി.സി ഡോക്യമെന്ററി തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നുണ്ട്. തനിക്ക് ഇഷ്ടമില്ലാത്തത് ആരും കാണുകയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വെച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്- അദ്ദേഹം കുറ്റപ്പെടുത്തി.

അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യൂമെന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന് പറയാനുള്ള കാര്യം വിശദമാക്കാന്‍ ബി.ബി.സി തന്നെ സമയം നല്‍കിയിരുന്നു. അതുപയോഗിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായില്ലെന്നാണ് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നിട്ടിപ്പോള്‍ ഡോക്യമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവുമാണ്. ഡോക്യുമെന്ററിയില്‍ വസ്തുതാപരമായ പിശകൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ടാണ് നിരോധിച്ചും, ബലംപ്രയോഗിച്ചും, പ്രദര്‍ശനം തടഞ്ഞും അവര്‍ മുന്നോട്ടുവരുന്നത്. ഭരണഘടനയിലെ 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും, ആവിഷ്‌ക്കാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണഘടനക്കെതിരായ യുദ്ധ പ്രഖ്യാപനം കൂടിയാണിത്. രാജ്യത്തിനേറ്റ ഈ തീരാക്കളങ്കം ജനങ്ങള്‍ അറിയരുതെന്ന് വാശിപിടിക്കുന്നത് അറിയാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞു.

Signature-ad

 

Back to top button
error: