CrimeNEWS

‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ’… ഇപ്പോൾ ശരിക്കും അറിഞ്ഞു! പ്രോജക്ടിന് അനുമതി നൽകാൻ 20000 രൂപയും ഒരു കുപ്പി സ്കോച്ചും; മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനീയർ വിജിലൻസ് പിടിയിൽ – വീഡിയോ

കോട്ടയം: 20,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടെ മാഞ്ഞൂർ പഞ്ചായത്തിലെ അസി.എൻജിനീയർ വിജിലൻസ് പിടിയിലായി. മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റൻറ് എൻജിനീയർ അജിത് കുമാർ ഇ.ടിയെയാണ് കോട്ടയം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നും ഇയാളുടെ പ്രോജക്ടിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും മദ്യവും പണവും പിടിച്ചെടുത്തു.

മാഞ്ഞൂർ സ്വദേശിയായ പ്രവാസി മലയാളി 14 കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ ആരംഭിക്കാനിരുന്നത്. 2020 ൽ പദ്ധതിയ്ക്കായി പ്ളാൻ അനുവദിച്ച് കിട്ടിയിരുന്നു. തുടർന്ന് റിവൈസ് പ്ളാൻ സമർപ്പിച്ചു. എന്നാൽ ഈ പ്ളാനിന് അനുമതി നൽകാൻ തയ്യാറാകാതെ അസി.എൻജിനീയർ വൈകിപ്പിച്ചതായാണ് പരാതി. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രവാസി മലയാളി പഞ്ചായത്ത് ഓഫിസിൽ എത്തി. ഈ സമയം അസി.എൻജിനീയർ ‘ചില കാര്യങ്ങളൊക്കെയുണ്ട് , അറിയില്ലേ’ എന്ന് ചോദിച്ചു. ഈ സമയം പ്രവാസി മലയാളി 5000 രൂപ നൽകി. നോട്ട് എണ്ണി നോക്കിയ ശേഷം ഇതൊന്നുമല്ല പ്രതീക്ഷിച്ചത് എന്ന് അസി.എൻജീനിയർ പറഞ്ഞു.

ആവശ്യമുള്ളത് പറഞാൽ മതി തരാം എന്ന് അസി.സെക്രട്ടറിയോട് പ്രവാസി മലയാളി പറഞ്ഞു. തുടർന്ന് കഴിഞ്ഞ ദിവസം പ്രവാസി മലയാളി വീണ്ടും അസി.എൻജിനീയറെ ഫോണിൽ വിളിച്ചു. ഈ സമയം 20,000 രൂപയും സ്കോച്ചും വേണമെന്ന് പ്രതിയായ അസി.എൻജിനീയർ ആവശ്യപ്പെട്ടു. തുടർന്ന് പ്രവാസി മലയാളി വിജിലസ് എസ് പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്ന്, പരാതിക്കാരൻ നൽകിയ നോട്ടിലും കുപ്പിയിലും പൗഡർ പുരട്ടി പരാതിക്കാരന് നൽകി. എന്നാൽ, മദ്യം വൈകിട്ട് ഓഫിസ് വിട്ട ശേഷം മതിയെന്നാണ് പ്രതി ആവശ്യപ്പെട്ടത്. തുടർന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ അസിസ്റ്റ​ന്റ് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Back to top button
error: