TechTRENDING

ഇങ്ങനെ ആരെയും പിരിച്ചു വിടരുത്; ജോലിക്കായി ഉദ്യോഗാർഥിയെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച്.ആര്‍. മാനേജരെ പുറത്താക്കി ഗൂഗിള്‍

ലണ്ടന്‍: ജോലിക്കായി അഭിമുഖം നടത്തുന്നതിനിടെ എച്ച്.ആര്‍. മാനേജരെ പുറത്താക്കി ഗൂഗിള്‍. എച്ച്.ആര്‍. മാനേജര്‍ ഡാന്‍ ലാനിഗന്‍ റയാനെയാണ് ഗൂഗിള്‍ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്. കമ്പനിയിലേക്ക് ഉദ്യോഗാര്‍ഥികളെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ഡാന്‍ ലാനിഗന്റെ കോള്‍ കട്ടാവുകയായിരുന്നു. തൊട്ടുപിന്നാലെ കമ്പനി കമ്പ്യൂട്ടറില്‍നിന്ന് ലോഗൗട്ടാവുകയും ചെയ്തു. കമ്പനിയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യു നടക്കുന്നതിനിടെയാണ് തന്നെ പുറത്താക്കിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഡാന്‍ പറഞ്ഞു.

‘വെള്ളിയാഴ്ച ഗൂഗിളില്‍നിന്നു പുറത്താക്കപ്പെട്ട അനേകര്‍ക്കൊപ്പം എന്നെയും പിരിച്ചുവിട്ടു. വീഡിയോ കോള്‍ ഇന്റര്‍വ്യൂവിനിടയില്‍ അതു തടസപ്പെടുത്തി, ഇത് ഇത്ര പെട്ടെന്ന് അവസാനിക്കുമെന്നു പ്രതീക്ഷിച്ചില്ല”- ഡാന്‍ ലാനിഗന്‍ പ്രതികരിച്ചു. കമ്പനിയിലെ ആറു ശതമാനം ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിലെ കൂട്ടപ്പിരിച്ചുവിടല്‍ നടപടി. കരാര്‍ അടിസ്ഥാനത്തില്‍ 2021-ലാണ് ഡാന്‍ ഗൂഗിളില്‍ ചേര്‍ന്നത്. സ്വപ്‌നതുല്യമായ ജോലിയില്‍നിന്നും ഇങ്ങനെയൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡാന്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ കുറിച്ചു.

Signature-ad

ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. അതോടൊപ്പം ക്ലൗഡ് സെയില്‍സിലെ റിക്രൂട്ട്‌മെന്റ് ടീമിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ശമ്പള വര്‍ധനയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് അസ്വാഭാവിക നടപടിയായാണ് കമ്പനി കണ്ടത്. അതേസമയം, തന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം അടുത്ത ജോലിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു.

മൈക്രോസോഫ്റ്റ്, മെറ്റ, ആമസോണ്‍ എന്നീ ടെക് ഭീമന്‍മാര്‍ക്കു പിന്നാലെയാണ് ഗൂഗിളും കൂട്ടപ്പിരിച്ചുവിടലുമായി രംഗത്തെത്തിയത്. ഇതുവഴി 12000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ആഗോളതലത്തിലുള്ള പിരിച്ചുവിടല്‍ ആദ്യം ബാധിക്കുക അമേരിക്കയിലെ ജീവനക്കാരെയാണ്. മറ്റ് രാജ്യങ്ങളില്‍ അവിടുത്തെ നിയമങ്ങള്‍ക്കനുസൃതമായാകും നടപടി. അതേസമയം, പിരിച്ചുവിട്ടവര്‍ക്ക് ഗൂഗിള്‍ പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: