IndiaNEWS

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് ബുധനാഴ്ച ഉഷാ നഗർ ഏരിയയിലെ സ്കൂളിൽ ബോധരഹിതയായി വീണു മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതിശൈത്യം കാരണമാകാം ഹൃദയസ്തംഭനമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സൽ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കുട്ടി. കുഴഞ്ഞു വീണ വൃന്ദയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തും മുമ്പ് തന്നെ പെൺകുട്ടി മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

ഹൃദയസ്തംഭനത്തിന് മുമ്പ് വൃന്ദ പൂർണ ആരോഗ്യവതിയായിരുന്നുവെന്നും അതിശൈത്യം കാരണമാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടർമാർ പറയഞ്ഞതെന്നും അമ്മാവൻ രാഘവേന്ദ്ര ത്രിപാഠി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. കുട്ടിയുടെ താടിയിൽ ചതവുണ്ടായത് വീഴ്ച കാരണമാകാമെന്നും ഡോക്ടർമാർ പറഞ്ഞു. മരിക്കുമ്പോൾ പെൺകുട്ടി നേർത്ത ട്രാക്ക് സ്യൂട്ടാണ് ധരിച്ചിരുന്നത്. മരണശേഷം കുടുംബം പെൺകുട്ടിയുടെ കണ്ണുകൾ ദാനം ചെയ്തെന്ന് ഇൻഡോർ സൊസൈറ്റി ഫോർ ഓർഗൻ ഡൊണേഷനുമായി ബന്ധപ്പെട്ട മുസ്‌കാൻ ഗ്രൂപ്പിന്റെ സന്നദ്ധപ്രവർത്തകനായ ജീതു ബഗാനി പറഞ്ഞു.

Signature-ad

കഠിനമായ തണുപ്പ് സമയമായ പുലർച്ചെ നാല് മുതൽ രാവിലെ 10 വരെ ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അളവ് ഉയരുകയും രക്തം കട്ടപിടിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് കാർഡിയോളജിസ്റ്റ് ഡോ അനിൽ ഭരണി പിടിഐയോട് പറഞ്ഞു. അതിശൈത്യത്തെ മറികടക്കാൻ പോഷകാഹാരം കഴിക്കാനും വ്യായാമം ചെയ്യാനും അദ്ദേഹം ആളുകളെ ഉപദേശിച്ചു.

Back to top button
error: