തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ അകപ്പെട്ടു രാജിവച്ച അനില്‍ ആന്റണിക്ക് പകരമായി ഡോ. പി.സരിനെ നിയമിക്കാന്‍ ശിപാര്‍ശ. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ശുപാര്‍ശയില്‍ എഐസിസി തീരുമാനമെടുക്കും. അനില്‍ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനമാണ് സരിന് നല്‍കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു സരിന്‍.
അതേസമയം, കെ.പി.സി.സി ഓഫീസ് ചുമതലയില്‍നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ്. ബാബുവിനെ മാറ്റി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഓഫീസിന്റെയും ബാബുവിന് സേവാദളിന്റെയും ചുമതല നല്‍കി. ഓഫീസ് നടത്തിപ്പില്‍ ബാബുവിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വി.ടി. ബല്‍റാമിനാണ് സമൂഹമാധ്യമങ്ങളുടെ ചുമതല.
കമ്മിറ്റി പുനഃസംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. വീണാ നായര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ബി.ആര്‍.എം. ഷെഫീര്‍, നിഷ സോമന്‍, ടി.ആര്‍. രാജേഷ്, താരാ ടോജോ അലക്‌സ് എന്നിവരെ പരിഗണിക്കും. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസത്തില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വെല്ലുവിളിച്ച സമയത്താണ് അനില്‍ ആന്റണി ബി.ജെ.പി അനുകൂല പ്രതികരണം നടത്തിയത്. ബി.ബി.സിയുടെ നടപടി ഇന്ത്യന്‍ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമാണ് അനില്‍ ട്വീറ്റ് ചെയ്തത്. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുകയും ഒടുവില്‍ രാജിവയ്ക്കുകയുമായിരുന്നു.