LocalNEWS

ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടി,  ഇവിടെ നിന്ന് നൽകിയ ഭക്ഷണം കഴിച്ച 20 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

കൊല്ലം ചാത്തന്നൂരിൽ കുടുംബശ്രീ പരിപാടിക്കിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം വാങ്ങിയ ഗണേഷ് ഫാസ്റ്റ് ഫുഡ് പൂട്ടിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒമ്പതു വർഷമായി ലൈസൻസില്ലാതെയാണത്രേ കട പ്രവർത്തിച്ചിരുന്നത്‌.

ചാത്തന്നൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തിരുന്നു. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് 20 പേരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Signature-ad

സംഭവത്തിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കടയിൽ പരിശോധന നടത്തി. കുടുംബശ്രീ പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കളും, കുടിവെള്ളം അടക്കമുള്ള സാധനങ്ങളും പരിശോധനയ്ക്കായി എടുത്തു.
പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കടയിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നു കണ്ടെത്തി. കടയ്ക്ക് പഞ്ചായത്തിൽ നിന്ന് ലൈസൻസും ഉണ്ടായിരുന്നില്ല. ആരോഗ്യവകുപ്പിന്റെ കാർഡ് 9 വർഷം മുൻപ് അവസാനിച്ചതായും കണ്ടെത്തി. ഗുരുതരമായ നിയമ ലംഘനങ്ങളോടുകൂടിയാണ് കട പ്രവർത്തിച്ചതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ടി ബിജു പറഞ്ഞു.

കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഭക്ഷണത്തിൻ്റെ സാമ്പിളുകളും ഉദ്യോഗസ്ഥർ കണ്ടെത്തി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കട ഭക്ഷ്യ സുരക്ഷ വകുപ്പ് പൂട്ടി സീൽ ചെയ്തു.

Back to top button
error: