തിരുവനന്തപുരം: മദ്യപിച്ച് മാത്രമല്ല ഇനി മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിച്ചാലും പിടി വീഴും, ലൈസൻസ് റദ്ദാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊലീസ്, മോട്ടോർവാഹന വകുപ്പുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകി. പൊലീസ് പിടികൂടുന്ന കേസുകളിൽ ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹനവകുപ്പിന് കത്ത് നൽകും. ഒന്നിലധികംതവണ കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും
വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞത്. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മയക്കുമരുന്ന് ഉപയോഗം വർധിച്ചു വരികയും അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പരിശോധനയിൽ എളുപ്പത്തിൽ തിരിച്ചറിയാനാകും. എന്നാൽ ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം തിരിച്ചറിയുക എളുപ്പമല്ല. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.