കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ ശബ്ദമുയർത്തി ഫോണില്‍ സംസാരിച്ചതിനെ ചൊല്ലി സഹയാത്രികയോട് വനിതാ ഡോക്ടര്‍ തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. വിവരമറിഞ്ഞെത്തിയ പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ വി.എസ് ബെറ്റിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ വേണാട് എക്‌സ്പ്രസില്‍ ശാസ്താംകോട്ടക്കും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കംപാര്‍ട്‌മെന്റില്‍ ഒപ്പം സഞ്ചരിച്ചിരുന്ന സഹയാത്രിക ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചത് ബെറ്റി ചോദ്യം ചെയ്തു. യാത്രക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമവും നടത്തി. ഇതോടെ മറ്റ് യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു.
അപമര്യാദയായി പെരുമാറിയെന്ന യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്ന് രണ്ട് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബെറ്റിയെ മറ്റൊരു കംപാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കു നേരെയും കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ ഡോക്ടര്‍ ഫോണ്‍ ട്രെയിനില്‍ നിന്നും പുറത്തേക്കെറിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത ബെറ്റിയെ കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും കേസെടുത്തു. പിന്നിട് ബെറ്റിയെ ഭര്‍ത്താവിന്റെയും സഹോദരന്റെയും ജാമ്യത്തില്‍ വിട്ടയച്ചു