KeralaNEWS

ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലില്‍ തറച്ച മുള്ള് കണ്ടെത്താനായില്ല; ഒടുവില്‍ മുള്ളെടുത്തത് പിതാവ്

വയനാട്: ശസ്ത്രക്രിയ നടത്തിയിട്ടും എട്ട് വയസുകാരന്റെ കാലില്‍ തറച്ച മുള്ള് കണ്ടെത്താനാവാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയുടെ കാലില്‍നിന്ന് മുള്ള് പുറത്തെടുത്തത് പിതാവ്. വയനാട് അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന്‍-വിനീത ദമ്പതികളുടെ മകന്‍ നിദ്വൈതിനാണ് ഈ ദുര്‍ഗതി.

അഞ്ചുകുന്ന വിദ്യാനികേതന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നിദ്വൈതിനെ കാലില്‍ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിപോന്ന കുട്ടിക്ക് വേദന കുറയാത്തതിനെ തുടര്‍ന്ന് വീണ്ടും അഞ്ച് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്തെങ്കിലും കാര്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു.

Signature-ad

ഒടുവില്‍ എക്സ് റേ എടുത്തപ്പോള്‍ കാല്‍പാദത്തില്‍ എന്തോ തറച്ചിട്ടുണ്ടെന്നും അത് എടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 10-ാം തീയതി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്ത കുട്ടിക്ക് 11-ാം തീയതി ശസ്ത്രക്രിയ നടത്തിയെങ്കിലും മുള്ള് കിട്ടിയില്ല.

17 ന് വീട്ടിലെത്തിയ കുട്ടിക്ക് വേദനക്ക് ശമനമില്ലാത്തതിനെ തുടര്‍ന്ന് പിതാവ് രാജന്‍ കാലിലെ കെട്ട് അഴിച്ച് നോക്കിയപ്പോള്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തുനിന്ന് അല്‍പം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തള്ളിനില്‍ക്കുന്നതായും കണ്ടു. പഴുപ്പ് തുടച്ചുമാറ്റിയ ശേഷം ചെറിയ കത്രിക ഉപയോഗിച്ച് പൊന്തിനില്‍ക്കുന്ന വസ്തു ഇളക്കിയപ്പോള്‍ ഒന്നര സെന്റിമീറ്റര്‍ മുളയുടെ മുള്ള് പുറത്തേക്ക് വന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മുള്ള് തറച്ച ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്ന് കണ്ടെത്തി. ഇരുമെഡിക്കല്‍ കോളജുകളിലെയും ഡോക്ടര്‍മാരുടെ അനാസ്ഥക്കെതിരെ ശക്തമായ നടപടി വേണമെന്ന് രാജന്‍ ആവശ്യപ്പെട്ടു.

Back to top button
error: