കാസര്‍ഗോഡ്: കാല്‍പ്പന്തുകളിയുടെ വിജയാഹ്ളാദത്തിനിടെ ജയിച്ചവരും വൊളന്റിയര്‍മാരും തമ്മില്‍ ഉന്തുംതള്ളും. പ്രശ്നം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസ് സംഘത്തിനുനേരെ കല്ലേറ്. പോലീസുകാരന്റെ പല്ല് നഷ്ടമായി. ബേക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭിന്റെ പല്ലാണ് കല്ലേറില്‍ കൊഴിഞ്ഞത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാഞ്ഞങ്ങാട് കല്ലൂരാവി ബാവാനഗര്‍ അമീറലി മന്‍സിലിലെ അമീര്‍ അലി (21), ബാവാനഗര്‍ കെ.സി. ഹൗസിലെ മുഹമ്മദ് ഇംത്യാസ് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബാവാ നഗര്‍ ബ്രദേഴ്‌സ് ക്ലബ്ബിന്റെ മാനേജര്‍ മൊയ്തു അടക്കം കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു.
ചിത്താരി ഹസീന ക്ലബ്ബ് ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന മെട്രോ കപ്പ് സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടയില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബ്രദേഴ്‌സ് ബാവാനഗറും കാറാമ മൊഗ്രാല്‍ പുത്തൂരും തമ്മിലായിരുന്നു മത്സരം.
കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേഴ്‌സ് ബാവാനഗര്‍ വിജയിച്ചു. മത്സരത്തിന് ശേഷം മൈതാനത്ത് അഹ്ളാദപ്രകടനം നടത്തിയ ബാവാനഗറിലെ യുവാക്കളും വൊളന്റിയര്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായി. അവരെ പോലീസെത്തി വിരട്ടിയോടിച്ചു.
തുടര്‍ന്ന് സ്റ്റേഡിയത്തിന് പുറത്ത് ജയിച്ച ടീമിനൊപ്പം വന്നവര്‍ സംഘടിച്ച് പോലീസിനുനേരെ കല്ലെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അക്രമികളെ വിരട്ടിയോടിച്ചു.
സംഭവസ്ഥലത്ത് നിന്നും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമിച്ചവരെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘം വീടുകളില്‍ തുടര്‍ച്ചയായ റെയ്ഡ് നടത്തുന്നുണ്ടെന്ന് ബേക്കല്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു. ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ച ക്രമത്തില്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.