ലഖ്നൗ: ഭര്‍ത്താവില്‍നിന്ന് സ്നേഹവും ശ്രദ്ധയും ലഭിക്കുന്നില്ലെന്ന പരാതിയില്‍ ആദ്യഭാര്യയുടെ മകളെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി യുവതി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഘനശ്യാമിന്റെ മകള്‍ രശ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഘനശ്യാമിന്റെ രണ്ടാം ഭാര്യയായ ഭാരതി ദേവിക്കെതിരെ (33) എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
കൂലിത്തൊഴിലാളിയായ ഘനശ്യാമിന്റെ ആദ്യഭാര്യ അസുഖത്തെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഘനശ്യാം വിധവയായ ഭാരതിയെ വിവാഹം ചെയ്തത്. ഭാരതിക്ക് ആദ്യഭര്‍ത്താവില്‍ നാലും ഒന്നും വയസുള്ള രണ്ട് മക്കളുണ്ട്. മകളെ സ്‌നേഹിക്കുന്നതില്‍ ഭാരതി അസൂയാലുവായിരുന്നെന്ന് ഘനശ്യാം പോലീസിന് മൊഴി നല്‍കി.
രശ്മിയെ ഭാരതി ഉറക്കത്തില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.