എറണാകുളം ജില്ലയില്‍ നോറോ വൈറസ് പടരുകയാണ്. ജില്ലയിലെ 23 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്.
രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളും അറിയുക.
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
വൈറസ് ഉള്ളില്‍ ചെന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഛർദി, അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ആരംഭിക്കും. മനംമറിച്ചില്‍, വയറുവേദന, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും നോറോ വൈറസ് ബാധയോട് അനുബന്ധിച്ച് വരാം. അതിസാരവും ഛര്‍ദിയും ശരീരത്തില്‍ നിര്‍ജലീകരണത്തിനും കാരണമാകാം.
മലിനമായ വെള്ളം, ഭക്ഷണം, പ്രതലങ്ങള്‍ എന്നിവ വഴിയാണ് അതിവ്യാപന ശേഷിയുള്ള ഈ വൈറസ് പടരുന്നത്. രോഗികളുടെ മലത്തില്‍ നിന്ന് വെള്ളത്തിലേക്ക് എത്തുന്ന വൈറസ് ഭക്ഷണ പാനീയങ്ങളിലൂടെ ശരീരത്തിനുള്ളില്‍ കടക്കുന്നു. വിവിധ ശ്രേണികളുള്ള വൈറസ് ഒരാളെ പല തവണ ബാധിക്കാം. 60 ഡിഗ്രി വരെ ചൂടിനെയും പല അണുനാശിനികളെയും പ്രതിരോധിച്ച് നില്‍ക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാൽ ഈ വൈറസിനെ ഭയക്കണം. വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കുക. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
ഭക്ഷണം വെറുതേ ചൂടാക്കിയതു കൊണ്ടോ വെള്ളത്തില്‍ ക്ലോറിന്‍ ചേര്‍ത്ത കൊണ്ടോ വൈറസ് നശിക്കില്ല. സാധാരണ ഹാന്‍ഡ് സാനിറ്റൈസറുകളെയും ഇവ അതിജീവിക്കും.
ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അസുഖം വരാതെ നോക്കാം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷമേ ഉപയോഗിക്കാവൂ. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം പാചകം ചെയ്യുന്നതും പങ്ക് വെക്കുന്നതും ഒഴിവാക്കുക. കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
രോഗനിര്‍ണയം നടത്തുന്നത് ആര്‍.ടി. പി.സി.ആര്‍ പരിശോധനയിലൂടെയാണ്. ഈ വൈറസിന് വാക്സീനുകള്‍ കണ്ടെത്തിയിട്ടില്ല. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നത് വൈറസ് പ്രതിരോധത്തില്‍ പ്രധാനമാണ്.