ലോസ് ഏഞ്ചല്‍സ്: യു.എസില്‍ മൂന്നിടത്ത് ഉണ്ടായ വെടിവയ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടു. അയോവയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോവയിലെ ഡെസ് മോയ്നസിലെ യൂത്ത് ഔട്ട്റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയാണ് വെടിവയ്പ്. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഡെസ് മോയ്‌നസ് പോലീസ് അറിയിച്ചു.
അതേസമയം, കലിഫോര്‍ണിയയില്‍ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളില്‍ ഉണ്ടായ വെടിവയ്പില്‍ 7 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഫാമില്‍ ജോലി ചെയ്യുന്ന ചൈനീസ് വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുന്‍ലി (67) വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു. ഹാഫ് മൂണ്‍ ബേ സബ്സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പ് നടന്ന യഥാര്‍ഥ സ്ഥലം ഏതാണെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമായിട്ടില്ല.
രണ്ട് ദിവസത്തിനിടെ കലിഫോര്‍ണിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്. തോക്കുമായി ഡാന്‍സ് ക്ലബ്ബില്‍ കയറിയ ഇയാള്‍ 20 പേരെ വെടിവച്ചുവീഴ്ത്തിയശേഷം വാനില്‍ കടന്നുകളയുകയായിരുന്നു.