Movie

ഭരണിക്കാവ് ശിവകുമാർ വിട പറഞ്ഞിട്ട് 16 വർഷം

സിനിമ ഓർമ്മ

പ്രശസ്‌ത ഗാനരചയിതാവായ ഭരണിക്കാവ് ശിവകുമാർ അന്തരിച്ചിട്ട് 16 വർഷം. 2007 ജനുവരി 24നായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ജനനം 1952ല്‍ കറ്റാനത്ത്.

വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത ‘ചെണ്ട’ എന്ന ചിത്രത്തില്‍ വയലാറിനും ഭാസ്ക്കരന്‍മാഷിനുമൊപ്പം പാട്ടെഴുതിക്കൊണ്ട് 1973 ലാണ് ഭരണിക്കാവ് ശിവകുമാര്‍ സിനിമാരംഗത്തുവന്നത്. എ.ആർ റഹ്‌മാന്റെ അച്ഛൻ ആർ.കെ ശേഖർ സംഗീതം നൽകിയ ‘മനസ്സ് മനസ്സിന്റെ കാതിൽ’ (ചിത്രം: ചോറ്റാനിക്കര അമ്മ) ആണ് ഭരണിക്കാവിന്റെ ഏറ്റവും പ്രശസ്‌തമായ ഗാനം. ‘സീമന്തരേഖയിൽ ചന്ദനം ചാർത്തിയ’, ‘ആയിരവല്ലി തൻ തിരുനടയിൽ’ (ചിത്രം: ആശീർവ്വാദം; സംഗീതം എം കെ അർജ്ജുനൻ), ശ്യാമിന്റെ സംഗീതത്തിൽ ‘സ്വപ്‌നം കാണും പെണ്ണേ’ (കാമം ക്രോധം മോഹം), രവീന്ദ്രൻ സംഗീതം നൽകിയ ‘രാഗങ്ങളേ മോഹങ്ങളേ’ (താരാട്ട്) തുടങ്ങിയ ഗാനങ്ങൾ ഭരണിക്കാവ് രചിച്ച ഹിറ്റുകളിൽ പെടും. ജീസസ് എന്ന ചിത്രത്തിലെ ‘ഗാഗുൽത്താ മലകളേ, മരങ്ങളേ, മുൾച്ചെടികളേ’
(സംഗീതം: യേശുദാസ്) ആണ് മറ്റൊരു ഹിറ്റ്.

മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രമായ ‘മൗനം സമ്മതം’ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയപ്പോൾ അതിലെ ‘കല്യാണ തേൻനിലാ’ എന്ന ഗാനത്തിന് മലയാള വരികൾ കുറിച്ചത് ഭരണിക്കാവായിരുന്നു.
സിനിമാസംവിധാനത്തിൽ കൈ വച്ച് കൈ പൊള്ളിയ ആളാണ് ഭരണിക്കാവ് ശിവകുമാർ. രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തെങ്കിലും രണ്ടും പുറത്തിറങ്ങിയില്ല.

കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും പ്രവർത്തിച്ചു.

1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു.
ഏക സഹോദരി രാധാമണി. ഭാര്യ: ഓമനകുമാരി. മകള്‍: പാര്‍വ്വതി ശിവകുമാര്‍.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: