KeralaNEWS

ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോ, മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോയെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഇടതുമുന്നണി നിയമസഭാകക്ഷിയോഗത്തിലാണ് മന്ത്രിമാര്‍ക്കെതിരെ കെ.ബി. ഗണേഷ്‌കുമാര്‍ ആഞ്ഞടിച്ചത്. പദ്ധതിയോ ഫണ്ടോ അനുവദിച്ചു കിട്ടാതെ എം.എല്‍.എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാവാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷി എം.എല്‍.എമാരുടെ സ്ഥിതി ഇതാണെങ്കില്‍, മറ്റുള്ളവരുടെ കാര്യം പറയണോ എന്നും അദ്ദേഹം ചോദിച്ചു.

ഇതൊക്കെ ഇവിടെ പറയേണ്ടതുണ്ടോയെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാള്‍ ചോദിച്ചു. ഇതോടെ ക്ഷുഭിതനായ ഗണേഷ് കുമാര്‍, ഇവിടെയല്ലാതെ ഇതൊക്കെ എവിടെ പറയുമെന്ന് തിരിച്ചടിച്ചു. ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ നടപടിയാണെങ്കില്‍ ആയിക്കോ എന്നും അദ്ദേഹം മറുപടി നല്‍കി. ഇന്നലെ നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഇടത് അംഗങ്ങളുടെ യോഗം ചേര്‍ന്നത്.

Signature-ad

എം.എല്‍.എമാരെ വല്ലാതെ അവഗണിക്കുകയാണ്. പ്രഖ്യാപനങ്ങള്‍ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. 20 പദ്ധതികള്‍ വീതം കഴിഞ്ഞ തവണ ഓരോ എം.എല്‍.എയില്‍ നിന്നും എഴുതി വാങ്ങി. എന്നിട്ട് ഒന്നും നടന്നില്ല. പദ്ധതികള്‍ക്ക് ഭരണാനുമതി കിട്ടുന്നില്ല. കിഫ്ബിയുടെ പേരിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ച് തന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അവിടവിടെ ഫ്‌ളക്‌സും വച്ചു. എന്നാല്‍ അതിന്റെ പേരില്‍ പഴി കേള്‍ക്കാനാണ് വിധിയുണ്ടായത്. എം.എല്‍.എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാനാകണം. പദ്ധതികള്‍ എഴുതി വാങ്ങിയാല്‍ പോരാ. അതനുവദിച്ച് കിട്ടുകയും വേണം. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ എം.എല്‍.എമാര്‍ക്ക് സാധിക്കണം. ഈ രീതിയിലാണെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കും? വരുന്ന ബജറ്റിലെങ്കിലും ഇതിനൊരു പരിഹാരം വേണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മറ്റ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഗണേശിന്റെ തുറന്ന വിമര്‍ശനം. ബജറ്റിന് മുമ്പ് വീണ്ടും നിയമസഭാകക്ഷി യോഗം ചേരുമ്പോള്‍ പരാതി പരിഹരിക്കാമെന്ന മന്ത്രി കെ. രാധാകൃഷ്ണന്‍ ഉറപ്പ് നല്‍കി. മറ്റുള്ളവര്‍ക്കും ഇതൊക്കെ തന്നെയാണവസ്ഥയെന്ന് ഗണേഷ് അഭിപ്രായപ്പെട്ടപ്പോള്‍ , മറ്റുള്ളവരുടെ കാര്യം പറയേണ്ടെന്ന് മന്ത്രി രാധാകൃഷ്ണനും പറഞ്ഞു.

Back to top button
error: