ഇടുക്കി: അരിക്കൊമ്പന്‍ എന്നു വിളിക്കുന്ന കാട്ടാനയുടെ പരാക്രമത്തില്‍ നട്ടം തിരിഞ്ഞ് പൂപ്പാറ നിവാസികള്‍. ഇഷ്ടഭക്ഷണമായ അരി കിട്ടാത്തതിന്‍െ്‌റ അരിശത്തില്‍ കഴിഞ്ഞ ദിവസം രണ്ടു വീടുകളാണ് കൊമ്പന്‍ തകര്‍ത്തത്. ആനയിറങ്കലിനു സമീപം ശങ്കരപാണ്ഡ്യമെട്ടിലെ വിജയന്‍, മുരുകന്‍ എന്നിവരുടെ വീടുകളാണ് പുലര്‍ച്ചെ നാലിന് തകര്‍ത്തത്. കുടുംബാംഗങ്ങള്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടിലേക്കു പോയിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായി.
രണ്ടാഴ്ച മുന്‍പും മുരുകന്റെ വീടിനുനേരെ അരിക്കൊമ്പന്‍ ആക്രമണം നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണവസ്തുക്കള്‍ അകത്താക്കിയ ശേഷമാണ് അന്ന് ഒറ്റയാന്‍ മടങ്ങിയത്. ഇന്നലത്തെ ആക്രമണത്തില്‍ മുരുകന്റെ വീട് പൂര്‍ണമായി തകര്‍ന്നു. ശനി പുലര്‍ച്ചെ അരിക്കൊമ്പന്‍ പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് 2 ചാക്ക് അരിയെടുത്തു തിന്നിരുന്നു. അരിപ്രിയനായ ആന റേഷന്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും അരി തിന്നുന്നത് പതിവാണ്. അതിനാലാണ് അരിക്കൊമ്പന്‍ എന്ന പേരു വീണത്.
ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലായി അറുപതോളം വീടുകളും നിരവധി കടകളുമാണ് അരിക്കൊമ്പന്‍ തകര്‍ത്തിട്ടുള്ളത്. കൂടാതെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടകാരിയായ ഈ കാട്ടാനയെ മയക്കുവെടി വച്ചു പിടിച്ച് ആനത്താവളത്തിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു വനം മന്ത്രിക്കും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനും കത്തു നല്‍കിയിട്ടുണ്ടെന്ന് ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് പറഞ്ഞു.