തിരുവനന്തപുരം: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തി രാജി കൈമാറി. ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.
അതേസമയം, കാലാവധി തീരുന്നതിനാലാണ് രാജിയെന്നും വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
ജാതി വിവേചനമുള്‍പ്പെടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ മേലുള്ള വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താനായി കെ. ജയകുമാര്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ശങ്കര്‍ മോഹനെതിരായ വിദ്യാര്‍ഥികളുടെ ആരോപണങ്ങളില്‍ സത്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതാണ് രാജിയുടെ കാരണമെന്നാണ് ഉയരുന്ന ആരോപണം.
എന്നാല്‍, റിപ്പോര്‍ട്ടിലെ മുഴുവന്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ജാതി വിവേചനം ഉള്‍പ്പെടെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നിലപാടുകള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം അന്‍പതാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് രാജി.