കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി സി.പി.എം സ്വതന്ത്ര ജോസിന്‍ ബിനോയെ തെരഞ്ഞെടുത്തു. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ 17 വോട്ടും ജോസിന്‍ ബിനോയ്ക്കു ലഭിച്ചു. കേരള കോണ്‍ഗ്രസിന്റെ (എം) കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിന്‍ ബിനോ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
വി.സി. പ്രിന്‍സായിയിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി. 26 അംഗ നഗരസഭയില്‍ 25 പേരാണ് വോട്ട് ചെയ്തത്. ജോസിന്‍ ബിനോയ്ക്ക് 17 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര അംഗമായ ജിമ്മി ജോസഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.
ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന്‍ ബിനോയ്ക്കു നറുക്ക് വീണത്. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് ജോസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ജോസിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു. നഗരസഭാ യോഗത്തില്‍ കറുത്ത ഷര്‍ട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കക്കണ്ടം വോട്ട് ചെയ്തത്.
ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സി.പി.എമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സി.പി.എമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍.