സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശം പെരുമാറ്റം, അനിഷ്ടം പ്രകടിപ്പിച്ചതോടെ മാപ്പ് പറഞ്ഞു വിദ്യാർത്ഥി, സംഭവം ലോ കോളേജിൽ
സിനിമ പ്രമോഷൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി ലോ കോളേജ് വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി. എറണാകുളം ലോ കോളജിൽ വച്ചാണ് സംഭവമുണ്ടായത്.
പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപർണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയൻ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തിൽ അപർണ ഞെട്ടുന്നതും മാറി നിൽക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറി. ‘എന്താടോ ഇത് ലോ കോളേജ് അല്ലെ’ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം.
അപർണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയിൽ എത്തിയ വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചു. തുടർന്ന് യുവാവ് വിനീത് ശ്രീനിവാസന് കൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അയക്കുന്നതും വീഡിയോയിൽ കാണാം. സമൂഹത്തിന് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറൽ ആയിട്ടുണ്ട്.