കൃത്യം 39 വർഷം മുൻപ് 1984 ജനുവരി 22നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം അരങ്ങേറിയത്. 8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്രവാസിയായ സുകുമാരക്കുറുപ്പ് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ ചാക്കോയെ അതി ക്രൂരമായി കൊലപ്പെടുത്തി. അതേ മോഡലിൽ ഒരു ക്രൂരകൃത്യം പത്ത് ദിവസം മുമ്പ് തെലുങ്കാനയിലെ മേഡക് ജില്ലയിൽ വെങ്കട്പുരിൽ അരങ്ങേറി. 6 കോടി രൂപയ്ക്കു വേണ്ടി ഒരു നിരപരാധിയെ നിഷ്ഠൂരരമായി കൊല ചെയ്തത് തെലങ്കാന സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറായ ധർമേന്ദ്ര നായിക് (48) ആണ്. കൊല നടത്തി 10–ാം ദിവസം തന്നെ പ്രതി അറസ്റ്റിലായി. കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ നാലു പതിറ്റാണ്ടായിട്ടും ഉത്തരം കിട്ടാത്ത സമസ്യയ്ക്ക് തെലങ്കാന പൊലീസ് ഉത്തരം കണ്ടെത്തിയത് കേവലം നാല് ദിവസം കൊണ്ട്. മൊബൈൽ കോളുകളാണ് പ്രതിയെ കണ്ടെത്താൻ ഏറ്റവും നിർണായകമായത്
ജനുവരി 9ന് രാവിലെ വെങ്കട്പുരിൽ വഴിയോരത്ത് ഒരു കാർ കത്തിയ വിവരം നാട്ടുകാരനായ പാൽ കച്ചവടക്കാരനാണ് പൊലീസിൽ അറിയിച്ചത്.. റോഡിൽ നിന്ന് നിയന്ത്രണം തെറ്റി സമീപത്തെ കുഴിയിലേക്കു വീണ് കാറിനു തീപിടിച്ചതാണെന്നായിരുന്നു പൊലീസ് നിഗമനം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം കാറുടമയായ എം.ധർമേന്ദ്ര നായിക്കിന്റേതാണെന്നും മനസിലായി. പൊലീസ് അറിയച്ചതു പ്രകാരം ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാം തീയതി വാങ്ങിയ കാറിൽ ഭാര്യ നീലയോടൊപ്പം അഞ്ചിന് വെങ്കട്പുരിലേക്ക് പോയ ധർമേന്ദ്ര നായിക്ക് ലീവ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ സംസ്കാരവും നടത്തി.
ഒരു പെട്രോൾ കുപ്പി കത്തിക്കരിഞ്ഞ കാറിനു സമീപത്തു നിന്ന് ലഭിച്ചതാണ് പൊലീസിൽ ആദ്യം സംശയമുണർത്തിയത്. ഒപ്പം ധർമേന്ദ്ര നായിക്കിൻ്റെ വസ്ത്രങ്ങളും തിരിച്ചറിയൽ കാർഡും കേടുപാടൊന്നുമില്ലാതെ കാറിനു സമീപത്തുനിന്നു ലഭിച്ചു. പിറ്റേ ദിവസം, ധർമേന്ദ്ര നായിക്കിനോടു സാദൃശ്യമുള്ള ഒരാളെ നിരീക്ഷണ ക്യാമറയിൽ കണ്ടത് സംശയം ബലപ്പെടുത്തി. ഇതോടെ, പൊലീസ് ധർമേന്ദ്ര നായിക്കിൻ്റെ ബന്ധുക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു. ഇയാളുടെ പേരിൽ പുതുതായി ചേർന്ന 6 കോടിയിലേറെ രൂപയുടെ പോളിസികളെക്കുറിച്ച് ഇൻഷുറൻസ് കമ്പനി നൽകിയ വിവരം നിർണായകമായി. സംസ്ക്കാരം കഴിഞ്ഞ് രണ്ടാം ദിവസം ധർമേന്ദ്ര നായിക്കിൻ്റെ ഭാര്യ നീലയ്ക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. പഞ്ചായത്ത് ഓഫിസിൽ നിന്ന് ധർമേന്ദ്ര നായിക്കിൻ്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കണം എന്നായിരുന്നു നിർദേശം. ഇതോടെ, മരിച്ചത് ആരാണെങ്കിലും കൊന്നത് ധർമേന്ദ്ര നായിക്ക് തന്നെയെന്ന് പൊലീസിനു വ്യക്തമായി. അജ്ഞാത ഫോൺ കോൾ ട്രാക്ക് ചെയ്ത് പുണെയിൽ എത്തിയപൊലീസ് സംഘം യഥാർഥ ധർമേന്ദ്ര നായിക്കാനെ കയ്യോടെ പൊക്കി.
ഓൺലൈൻ വ്യാപാരത്തിലൂടെ 2 കോടി രൂപയിലേറെ നഷ്ടമുണ്ടായ ധർമേന്ദ്ര നായിക്ക് 6 കോടിയിലേറെ രൂപയുടെ ഇൻഷുറൻസ് എടുത്ത ശേഷം ഒരു വർഷത്തോളമായി കൊലപാതകത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. ഏതാനും മാസം മുൻപ് അൻജയ്യ എന്നൊരാളെ ഇരയായി കണ്ടെത്തി. പക്ഷേ കൊലപാതകം നടത്താനായി നിശ്ചയിച്ച ദിവസം അൻജയ്യ മദ്യപിച്ചിരുന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. മദ്യപിച്ച് അപടകമുണ്ടായാൽ ഇൻഷുറൻസ് ലഭിക്കില്ലെന്നു ഭയന്നായിരുന്നു ഇത്. തുടർന്നാണ് നിസാബാമാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തന്നോടു സാദൃശ്യമുള്ള ബാബു എന്നൊരാളെ ധർമേന്ദ്ര നായിക്ക് കണ്ടെത്തിയത്.
മരുമകൻ ശ്രീനിവാസിനൊപ്പം അയാളെ കാറിൽക്കയറ്റി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിരുത്തി കത്തിക്കുകയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ ധർമേന്ദ്ര നായിക്കിൻ്റെ ഭാര്യ നീല, മരുമകൻ ശ്രീനിവാസ്, സഹോദരി സുനന്ദ എന്നിവരും പൊലീസ് പിടിയിലായി.
8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആലപ്പുഴ ജില്ലയിലെ ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ ചാക്കോയെ കൊലപ്പെടുത്തിയത് 39 വർഷം മുൻപ് 1984 ജനുവരി 22നാണ്. ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും കൂടിയാണ് ചാക്കോയെ കൊലപ്പെടുത്തി കാറിനുള്ളിലിട്ടു കത്തിച്ച് വഴിയിൽ ഉപേക്ഷിച്ചത്.
സുകുമാരക്കുറുപ്പാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യ ധാരണ. കൊല്ലപ്പെട്ടത് ആലപ്പുഴ സ്വദേശി ഫിലിം റെപ്രസന്റേറ്റീവ് എൻ.ജെ ചാക്കോയെന്നു പിന്നീട് പൊലീസ് കണ്ടെത്തി. സുകുമാരക്കുറുപ്പ് ഒഴികെ മറ്റെല്ലാ പ്രതികളെയും പിടികൂടി. മുഖ്യസൂത്രധാരൻ സുകുമാരക്കുറുപ്പ് ഇപ്പോഴും ‘ഒളിവിൽ’ തന്നെ.